ലഖ്‌നൗ: ഉത്തര്‍പ്രദേശ് ഷിയ വഖഫ് ബോര്‍ഡ് മുന്‍ ചെയര്‍മാന്‍ വസീം റിസ്‌വി (Wasim Rizvi)ഹിന്ദുമതം സ്വീകരിച്ചു. ഗാസിയബാദിലെ ദസ്‌നദേവി ക്ഷേത്രത്തിലെ പ്രധാന പൂജാരി സ്വാമി യതി നരസിംഹാനന്ദാണ് മതം മാറ്റ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കിയത്.
തിങ്കളാഴ്ച 10.30നായിരുന്ന ചടങ്ങുകള്‍ ആരംഭിച്ചത്. വേദ മന്ത്രങ്ങള്‍ ഉരുവിട്ട റിസ്വി ഹിന്ദുമതത്തിലേക്ക് മാറിയതായി പ്രഖ്യാപിക്കപ്പെട്ടു. ഇനി മുതല്‍ ജിതേന്ദ്ര നാരായണ സിംഗ് ത്വാഗി എന്ന പേരില്‍ ആയിരിക്കും അറിയിപ്പെടുക എന്നും സയ്യിദ് വസിം റിസ്വി അറിയിച്ചു.
ലോകത്തിലെ ഏറ്റവും വൈവിദ്ധ്യമുള്ള മതമാണ് ഹിന്ദുമതം, ഡിസംബര്‍ 6 എന്നത് വിശുദ്ധ ദിനമാണെന്നും അതിനാലാണ് ഈ ദിനം തിരഞ്ഞെടുത്തത് എന്നും പ്രസ്താവിച്ചു. ബാബറി മസ്ജിദ് 1992 ല്‍ തകര്‍ത്തതിന്‍റെ വാര്‍ഷിക ദിനമാണ് ഡിസംബര്‍ 6.
‘എന്നെ ഇസ്ലാമില്‍ നിന്ന് പുറത്താക്കി. എല്ലാ വെള്ളിയാഴ്ചയും എന്റെ തലയെടുക്കുന്നവര്‍ക്കുള്ള സമ്മാനത്തുക വര്‍ദ്ധിപ്പിക്കുകയാണ്. ഇന്ന് ഞാന്‍ സനാതന ധര്‍മ്മം സ്വീകരിക്കുന്നു’ വസീം റിസ്‌വി പ്രതികരിച്ചു.
കഴിഞ്ഞ മാസം ഇറങ്ങിയ മുഹമ്മദ് എന്ന പുസ്തകത്തിലൂടെ വിവാദത്തിലായ വ്യക്തിയാണ് സയ്യിദ് വസിം റിസ്വി. ഇതില്‍ പ്രവാചകന്‍ മുഹമ്മദിനെ അപമാനിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി റിസ്വിക്കെതിരെ കേസ് എടുക്കാന്‍ വിവിധ സംഘടനകള്‍ യുപി സര്‍ക്കാറിനെ സമീപിച്ചിരുന്നു. ഇതിന് പിന്നാലെ ഷിയ വ്യക്തി നിയമ ബോര്‍ഡ് റിസ്വിക്ക് നോട്ടീസും അയച്ചിരുന്നു. ഇതിന് പിന്നാലെയാണ് നാടകീയമായി റിസ്വിയുടെ മതം മാറ്റം.
അയോധ്യ വിവാദം സജീവ ചര്‍ച്ചയായിരുന്ന വേളയില്‍ ബാബരി മസ്ജിദ് സ്ഥിതി ചെയ്ത സ്ഥലത്ത് രാമക്ഷേത്രം നിര്‍മിക്കണമെന്ന് നിലപാട് എടുത്തിരുന്നു റിസ്‌വി. ഈ ഘട്ടത്തില്‍ ഷിയ വഖഫ് ബോര്‍ഡ് ചെയര്‍മാനായിരുന്നു റിസ്വി.
















