ന്യൂഡല്‍ഹി: രാജ്യത്ത് ഒമിക്രോൺ (Omicron)ഭീഷണി വർധിച്ചു വരുന്ന സാഹചര്യത്തിൽ ബൂസ്റ്റർ ഡോസ് വിതരണം അടിയന്തരമായി ആരംഭിക്കണമെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ(IMA). കുട്ടികളുടെ വാക്സിനേഷൻ പെട്ടന്ന് തന്നെ ആരംഭിക്കണമെന്നും ആരോഗ്യ പ്രവർത്തകർക്കും, പ്രതിരോധശേഷി കുറഞ്ഞവർക്കും ബൂസ്റ്റർ ഡോസ് നൽകുമ്പോൾ മുൻഗണന നൽകണമെന്നും ഐ.എം.എ പറഞ്ഞു.
ഒമിക്രോൺ വ്യാപന പശ്ചാത്തലത്തിൽ മൂന്നാംഡോസ് വാക്സീനിലും കുട്ടികളുടെ വാക്സിനേഷനിലും തീരുമാനം വൈകിയേക്കില്ല. ഇക്കാര്യം ചർച്ച ചെയ്യാനുള്ള കൊവിഡ് സാങ്കേതിക ഉപദേശക സമിതിയുടെ യോഗം ഡല്‍ഹിയിൽ തുടരുകയാണ്.
21 ഒമിക്രോൺ കേസുകളാണ് രാജ്യത്ത് ഇതുവരെ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇന്നലെ മാത്രം 17 പേർക്കാണ് ഒമിക്രോൺ ബാധ സ്ഥിരീകരിച്ചത്.
രാജസ്ഥാനിൽ ഒരു കുടുംബത്തിലെ ഒമ്പത് പേർക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. ദക്ഷിണാഫ്രിക്കയിൽ നിന്നും കഴിഞ്ഞ മാസമാണ് കുടുംബം ഇന്ത്യയിൽ എത്തിയത്. ദക്ഷിണാഫ്രിക്കയിൽ നിന്നും ദുബായിലൂടെ മുംബൈ വഴിയാണ് ഇവർ ജയ്പൂരിലെത്തിയത്.
മഹാരാഷ്ട്രയിലെ 7 കേസുകളിൽ 6 എണ്ണം ചിഞ്ച് വാഡിലും ഒരണം പൂനെയിലുമാണ്. ചിഞ്ച് വാഡിൽ രോഗം സ്ഥിരീകരിച്ചവരിൽ മൂന്ന് പേർ നൈജീരിയയിൽ നിന്ന് എത്തിയവരാണ്. പൂനെയിൽ ഒമൈക്രോൺ സ്ഥിരീകരിച്ചത് ഫിൻലാന്റിൽ നിന്ന് എത്തിയാൾക്കാണ്. ടാൻസാനിയയിൽ നിന്ന് എത്തിയ 37 വയസുകാരനനാണ് ഡൽഹിയിൽ വൈറസ് സ്ഥിരീകരിച്ചത്. വിദേശത്ത് നിന്ന് എത്തി കോവിഡ് സ്ഥിരീകരിച്ച 17 പേരാണ് ഡൽഹി എൽഎൻജെപി ആശുപത്രിയിൽ ചികിത്സയിൽ ഉള്ളത്. ഇതിൽ 5 പേരുടെ കൂടി ജനിതക ശ്രേണികരണഫലം വരാനുണ്ട്. നേരത്തെ കർണാടക, ഗുജറാത്ത് എന്നിവിടങ്ങളിലും ഒമിക്രോൺ സ്ഥിരീകരിച്ചിരുന്നു.
ഈ പശ്ചാത്തലത്തിൽ മൂന്നാം ഡോസിലും കുട്ടികളഉടെ വാക്സിനേഷനിലും തീരുമാനം വൈകരുതെന്ന ശുപാർശ സർക്കാരിൻറെ തന്നെ കൊവിഡ് സമിതി മുൻപോട്ട് വച്ചിരുന്നു. അടിയന്തര സാഹചര്യം പരിഗണിച്ചാണ് ഉപദേശക സമിതി യോഗം ചേരുന്നത്. മൂന്നാം ഡോസ് വാക്സീൻ നൽകുന്നതിലും, കുട്ടികളുെട വാക്സിനേഷനിലും മുൻഗണന വിഷയങ്ങൾ സമിതി പരിശോധിക്കുകയാണ്. പ്രതിരോധ ശേേഷി കുറഞ്ഞവർക്കും, മറ്റ് രോഗങ്ങൾ അലട്ടുന്നവർക്കും, പ്രായം ചെന്നവർക്കും മൂന്നാം ഡോസ് ആദ്യം നൽകണമെന്ന നിർദ്ദേശങ്ങളാണ് നിലവിലുള്ളത്.
പ്രതിരോധശേഷി കുറഞ്ഞതും രോഗങ്ങൾ അലട്ടുന്നതുമായ കുഞ്ഞുങ്ങളെ വാക്സിനേഷനിൽ ആദ്യം പരിഗണിക്കാനും സാധ്യതയുണ്ട്. സാങ്കേതിക ഉപദേശക സമിതിയുടെ ശുപാർശ ആരോഗ്യമന്ത്രാലയം പരിശോധിച്ച ശേഷമാകും സർക്കാർ അന്തിമ തീരുമാനമെടുക്കുക. സംസ്ഥാനങ്ങളിലെ സാഹചര്യം കേന്ദ്ര ആരോഗ്യമന്ത്രിയുടെ നേതൃത്വത്തിലും അവലോകനം ചെയ്യും.
















