ആറ്റിങ്ങല്‍:ആറ്റിങ്ങലില്‍ എട്ടുവയസുകാരിയെ പരസ്യമായി അപമാനിച്ച സംഭവത്തില്‍ പിങ്ക് പൊലീസ് ഉദ്യോഗസ്ഥയുടെ മാപ്പപേക്ഷ സ്വീകരിക്കില്ലെന്ന് കുട്ടിയുടെ പിതാവ് ജി ജയചന്ദ്രൻ. കേസുമായി മുന്നോട്ടു പോകുമെന്നും ജയചന്ദ്രൻ മാധ്യമങ്ങളോട് പറഞ്ഞു.
മൂന്ന് വയസ്സുകാരിയെയും പിതാവിനെയും പരസ്യ വിചാരണ നടത്തിയ സംഭവത്തിൽ പിങ്ക് പൊലീസ് ഓഫീസർ രജിത ഇന്ന് ഹൈകോടതിയിൽ മാപ്പപേക്ഷ നൽകിയിരുന്നു. നിരുപാധികം മാപ്പ് ചോദിച്ച് കൊണ്ടാണ് പൊലീസ് ഓഫീസർ സത്യവാങ്മൂലം സമർപ്പിച്ചത്. സംഭവത്തില്‍ കുട്ടിയോടും കോടതിയോടും മാപ്പപേക്ഷിക്കുന്നതായി വനിതാ പൊലീസ് ഓഫീസർ വ്യക്തമാക്കി.
ബുദ്ധിമുട്ട് നിറഞ്ഞ ചുറ്റുപാടില്‍ നിന്നാണ് വരുന്നതെന്ന് പൊലീസ് ഉദ്യോഗസ്ഥ വിശദീകരിച്ചു. തന്നെ ആശ്രയിച്ച് കഴിയുന്ന കുടുംബത്തെ കണക്കിലെടുക്കണമെന്നും സത്യവാങ്മൂലത്തില്‍ പറഞ്ഞു.ഇതിനിടെ പൊലീസ് ഉദ്യോഗസ്ഥ സമർപ്പിച്ച മാപ്പപേക്ഷ കണക്കിലെടുക്കുന്നതായി കോടതി അറിയിച്ചു. വിചാരണ ചെയ്യപ്പെട്ട കുട്ടിക്കായി എന്ത് ചെയ്യാനാകുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണമെന്ന് കോടതി പറഞ്ഞു. കേസ് അടുത്ത മാസം 15ന് ഹൈക്കോടതി വീണ്ടും പരിഗണിക്കും.

















