തിയറ്ററുകൾ തുറന്നതിനു ശേഷം തമിഴിൽ രണ്ട് ചിത്രങ്ങളാണ് കാര്യമായി പ്രേക്ഷകപ്രീതി നേടിയത്. ശിവകാർത്തികേയൻ നായകനായ ‘ഡോക്ടറും’ ചിലമ്പരശൻ (Silambarasan TR) നായകനായ ‘മാനാടും’ (Maanaadu). വെങ്കട് പ്രഭു (Venkat Prabhu) സംവിധാനം ചെയ്‍ത മാനാട് ബോക്സ് ഓഫീസിൽ ചിമ്പുവിൻറെ തിരിച്ചുവരവ് ചിത്രമെന്നാണ് വിലയിരുത്തപ്പെട്ടിരിക്കുന്നത്. ആദ്യ രണ്ട് ദിനത്തിൽ തന്നെ 15 കോടി രൂപയാണ് ചിത്രം നേടിയത്. സംഘട്ടനരംഗങ്ങൾക്ക് ഏറെ പ്രാധാന്യമുണ്ടായിരുന്ന ചിത്രത്തിലെ ഒരു പ്രധാന രംഗം യുട്യൂബിലൂടെ പുറത്തുവിട്ടിരിക്കുകയാണ് നിർമ്മാതാക്കൾ. സിംഗിൾ ഷോട്ട് ആയി ചിത്രീകരിച്ച ഒരു സംഘട്ടനരംഗമാണ് അത്.
തിയറ്ററുകളിൽ ഏറെ ആവേശമുണർത്തിയ ഒരു രംഗമാണ് ഇത്. ചിത്രത്തിൻറെ ഇൻറർവെൽ ബ്ലോക്കിന് തൊട്ടുമുൻപായി കടന്നുവരുന്ന ഈ രംഗത്തിന് യുട്യൂബിലും മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. സ്റ്റണ്ട് സിൽവയായിരുന്നു ചിത്രത്തിൻറെ ആക്ഷൻ ഡയറക്ടർ. വെങ്കട് പ്രഭുവും ചിമ്പുവും ആദ്യമായി ഒരുമിച്ച ചിത്രം നിർമ്മിച്ചിരിക്കുന്നത് വി ഹൗസ് പ്രൊഡക്ഷൻസിൻറെ ബാനറിൽ സുരേഷ് കാമാച്ചിയാണ്.
ചിമ്പു അവതരിപ്പിച്ച അബ്‍ദുൾ ഖാലിദ് എന്ന നായക കഥാപാത്രത്തിൻറെ അത്രതന്നെ പ്രാധാന്യമുള്ള കഥാപാത്രമായിരുന്നു എസ് ജെ സൂര്യ അവതരിപ്പിച്ച പ്രതിനായക കഥാപാത്രവും. ധനുഷ്കോടി എന്നു പേരായ ഡിസിപിയാണ് എസ് ജെ സൂര്യയുടെ കഥാപാത്രം. ഇരുവർക്കുമിടയിലെ മത്സരമാണ് ചിത്രത്തെ മുന്നോട്ട് നയിക്കുന്നത്. കല്യാണി പ്രിയദർശൻ ആണ് ചിത്രത്തിലെ നായിക. കേരളത്തിലും ചിത്രം റിലീസ് ചെയ്യപ്പെട്ടെങ്കിലും മലയാളം റിലീസുകളുടെ ബാഹുല്യത്താൽ തിയറ്റർ കൗണ്ട് കുറവാണ് ലഭിച്ചിരിക്കുന്നത്. എന്നാലും ചിത്രം കണ്ട മലയാളി പ്രേക്ഷകരിൽ നിന്നും മികച്ച പ്രതികരണങ്ങളാണ് സോഷ്യൽ മീഡിയയിൽ എത്തിയിരുന്നത്.
















