കോഹിമ: നാഗാലാൻഡ് വെടിവയ്പ് സംബന്ധിച്ച് അന്വേഷിക്കാൻ സംസ്ഥാന സർക്കാർ അഞ്ച് അംഗ സംഘത്തെ നിയോഗിച്ചു. നാഗാലാൻഡിൽ സുരക്ഷാസേനയുടെ വെടിയേറ്റ് 13 ഗ്രാമീണരാണ് കൊല്ലപ്പെട്ടത്. മോണ്‍ ജില്ലയിലെ ഒട്ടിംഗ് ഗ്രാമത്തിൽ ശനിയാഴ്ച രാത്രിയാണ് സംഭവം.
ട്രക്കില്‍ സഞ്ചരിക്കുകയായിരുന്ന ഗ്രാമീണരാണ് കൊല്ലപ്പെട്ടത്. രണ്ടുപേര്‍ക്ക് പരിക്കേറ്റു. വിഘടനവാദികൾ എന്ന് തെറ്റിദ്ധരിച്ച് സുരക്ഷാസേന ആളുമാറി വെടിവച്ചതാണെന്നാണ് റിപ്പോര്‍ട്ട്.
ഇതിൽ പ്രതിഷേധിച്ച് ഗ്രാമീണർ ആസാം റൈഫിൾസ് ക്യാമ്പ് ആക്രമിച്ചു. സംഭവത്തിന് പിന്നാലെ മേഖലയിലെ ഇന്റര്‍നെറ്റ് സേവനം റദ്ദാക്കി. 200 പേരടങ്ങിയ സംഘമാണ് ആസാം റൈഫിൾസ് ക്യാമ്പിന് നേരെ ആക്രമണം നടത്തിയത്.
പ്രദേശവാസികള്‍ നടത്തിയ കല്ലേറില്‍ ഒരു കമാന്‍ഡോ കൊല്ലപ്പെടുകയും ഏഴ് ജവാന്മാര്ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. വെടിവെപ്പില്‍ ഉള്‍പ്പെട്ട സുരക്ഷാ ഉദ്യോഗസ്ഥര്ക്കെതിരേ ഉടന്‍ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടാണ് ജനക്കൂട്ടം അക്രമം അഴിച്ചുവിട്ടതെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. ജില്ലയില്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്ക് അധികൃതര്‍ നിരോധനം ഏര്‍പ്പെടുത്തിയെങ്കിലും വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. വെടിവെപ്പിലും പിന്നാലെ നടന്ന സംഭവങ്ങളിലും കുറഞ്ഞത് 14 പേരെങ്കിലും കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴസ് റിപ്പോര്‍ട്ട് ചെയ്യുന്നത്.
ഡല്‍ഹിയിലായിരുന്ന നാഗാലാന്‍ഡ് മുഖ്യമന്ത്രി നെയ്ഫിയു റിയോ സംസ്ഥാനത്ത് തിരിച്ചെത്തിയെന്നും മന്ത്രിസഭാ യോഗം ചേരുമെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. നാളെ നാഗാലാന്‍ഡിന്റെ തലസ്ഥാനമായ കൊഹിമയില്‍ ഉന്നത സൈനിക ഉദ്യോഗസ്ഥര്‍, പോലീസ് ഉദ്യോഗസ്ഥര്‍, ആഭ്യന്തര മന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ എന്നിവര്‍ യോഗം ചേരും.

















