ആലപ്പുഴ: ആർഎസ്എസിനെ കടന്നാക്രമിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. സ്വന്തം വളർച്ചയ്ക്ക് ആർഎസ്എസ് കലാപങ്ങളെയും സംഘർഷങ്ങളെയും ഉപയോഗിക്കുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. ആലപ്പുഴയിൽ പി കൃഷ്ണപിള്ള സ്മാരക പഠന കേന്ദ്രത്തിന്റെ ഉത്ഘാടന ചടങ്ങിലായിരുന്നു വിമർശനം.
വർഗീയതയിൽ അഭിരമിക്കുന്നവരാണ് ആർഎസ്എസുകാർ. തലശേരിയിൽ കഴിഞ്ഞ ദിവസം ആർഎസ്എസ് ഉയർത്തിയ മുദ്രാവാക്യം അംഗീകരിക്കാൻ കഴിയാത്തത് ആണ്. ഹലാലിന്റെ പേരിൽ വിദ്വേഷപ്രചാരണം നടത്തുന്നു. ഇത് തിരിച്ചറിഞ്ഞു നാടിനെ ബോധവൽക്കരിക്കണം എന്നും പിണറായി പറഞ്ഞു.
തലശേരിയിലെ സംഘപരിവാർ പ്രകടനത്തിൽ കേരളത്തിൽ കേൾക്കരുതാത്ത മുദ്രാവാക്യം മുഴക്കി. അഞ്ച് നേരത്തെ നമസ്കാരം നടത്താൻ അനുവദിക്കില്ലെന്നൊക്കെയാണ് മുദ്രാവാക്യം. ഇപ്പോൾ അത് നടപ്പാക്കാനാവില്ലെന്ന് സംഘ്പരിവാറിന് തന്നെ അറിയാം. എന്നാൽ വിദ്വേഷം കുത്തിവെക്കാനാണ് ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഇന്ത്യ-പാക് ക്രിക്കറ്റിൽ ഇന്ത്യ തോറ്റാൽ അതും ആർഎസ്എസ് വർഗീയപ്രചരണത്തിന് ഉപയോഗിക്കുന്നു. സംഘപരിവാർ പറയുന്നത് കോണ്ഗ്രസ് അതേപടി ആവർത്തിക്കുന്നുവെന്നും പിണറായി കൂട്ടിച്ചേർത്തു.

















