എറണാകുളം: ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ടതിന് പിന്നാലെ രക്ഷാപ്രവർത്തനത്തിന് മുൻകൈ എടുത്ത കുമ്പളം സ്വദേശി എവി ബിജിക്ക് നന്ദിയറിച്ച് എംഎ യൂസഫലി (M A Yusuff Ali) വീട്ടിലെത്തി. ഏപ്രിൽ 11 നായിരുന്നു ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലിയും കുടുംബവും സഞ്ചരിച്ച ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ടത്. ഈ സമയത്ത് ആശുപത്രിയിലെത്തിക്കും മുമ്പ് പ്രാഥമിക ശുശ്രൂഷ നൽകിയത് ബിജിയായിരുന്നു. വനിതാ പൊലീസ് ഓഫീസർ കൂടിയാണ് ബിജി. രക്ഷാപ്രവർത്തനത്തിന് മുൻകൈ എടുത്ത ബിജിയെ കേരളാ പൊലീസും ആദരിച്ചിരുന്നു.
ഹെലികോപ്റ്റർ ഇടിച്ചിറങ്ങിയപ്പോൾ അവരെ രക്ഷിക്കാൻ സീനിയർ സിവിൽ പൊലീസ് ഓഫീസർ എവി ബിജി കാണിച്ച ധീരതയാർന്ന പ്രവർത്തനത്തിന് സർട്ടിഫിക്കറ്റും പാരിതോഷികവും നൽകിയിരുന്നു. കടവന്ത്രയിലെ വീട്ടിൽ നിന്ന് ലേക്ഷോർ ആശുപത്രിയിലേക്ക് പോവുന്നതിനിടെയാണ് സാങ്കേതിക തകരാർ കാരണം ഹെലികോപ്റ്റർ ചതുപ്പിൽ ഇടിച്ചിറക്കിയത്. യൂസഫലിയും ഭാര്യയും മൂന്ന് ജീവനക്കാരും അടക്കം ആറുപേരായിരുന്നു ഹെലികോപ്റ്ററിലുണ്ടായിരുന്നത്.

















