അഗർത്തല: ത്രിപുര സ്റ്റേറ്റ് റൈഫിൾസിലെ ജവാൻ (Tripura state riffles jawan) അവധി അനുവദിക്കാത്തതിൽ ക്ഷുഭിതനായി രണ്ട് മേലുദ്യോഗസ്ഥരെ വെടിവെച്ച് (Shot dead) കൊലപ്പെടുത്തി. രണ്ട് ജൂനിയർ കമ്മീഷണർ ഗ്രേഡിലുള്ള ഉദ്യോഗസ്ഥരാണ് കൊല്ലപ്പെട്ടത്. സുകാന്ത ദാസ്(38) എന്ന ജവാനാണ് മുതിർന്ന ജവാന്മാർക്ക് നേരെ വെടിയുതിർത്തത്. സുബേദാർ മാർക സിങ് ജമാതിയ, നെയ്ബ് സുബേദാർ കിരൺ ജമാതിയ എന്നിവരാണ് കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ടവരിൽ ഒരാൾ സുകാന്ത ദാസിന്റെ കമാൻഡിങ് ഓഫിസറാണ്. സെപഹിജാല ജില്ലയിൽ അർധ സൈനികരുടെ മേൽനോട്ടത്തിൽ നടക്കുന്ന ഒഎൻജിസി ഇൻസ്റ്റലേഷൻ പ്രവർത്തിക്കിടെയാണ് സംഭവം. വെടിവെപ്പിന് ശേഷം സ്ഥലത്തുനിന്ന് മുങ്ങിയ സുകാന്ത, പിന്നീട് മധുപുർ പൊലീസിൽ കീഴടങ്ങി.ശനിയാഴ്ച രാത്രി ഒമ്പതരയോടെയാണ് സംഭവം.
സുകാന്ത അവധിക്ക് അപേക്ഷിച്ചെങ്കിലും അനുവദിക്കാത്തതാണ് കൊലപാതകത്തിന് കാരണമെന്ന് ഇയാൾ പറഞ്ഞു. അവധിക്ക് പകരം റിഫ്രഷ്‌മെന്റ് ട്രെയിനിങ്ങിന് പോകാനാണ് മേലുദ്യോഗസ്ഥർ നിർദേശിച്ചത്. ഇതിലും ഇയാൾ നിരാശനായിരുന്നു. കൊല്ലപ്പെട്ട ജവാന്മാരുടെ കുടുംബത്തെ മുഖ്യമന്ത്രി ബിപ്ലബ് ദേബ് കുമാർ അനുശോചനമറിച്ചു. കുടുംബത്തിന് അഞ്ച് ലക്ഷം വീതം നൽകാനും മുഖ്യമന്ത്രി നിർദേശിച്ചു. ഛത്തീസ്ഗഢ് സുക്മയിൽ നാല് സഹപ്രവർത്തകരെ ജവാൻ വെടിവെച്ച് കൊലപ്പെടുത്തിയ സംഭവത്തിന് ശേഷം സുകാന്ത ദാസും കടുത്ത മാനസിക സമ്മർദത്തിലായിരുന്നെന്നും സഹപ്രവർത്തകർ പറഞ്ഞു.
















