കൊച്ചി: ലാത്വിയൻ സ്വദേശിനിയുടെ കൊലപാതകത്തിൽ (Latvia Woman rape and murdered) വിചാരണ നടപടികൾ 10 മാസത്തിനുള്ളിൽ പൂർത്തിയാക്കാൻ ഹൈക്കോടതി (High court) നിർദേശം. തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതിക്കാണ് ഹൈക്കോടതി ഇത് സംബന്ധിച്ച് നിർദ്ദേശം നൽകിയത്. കൊല്ലപ്പെട്ട ലാത്വിയൻ സ്വദേശിനിയുടെ സഹോദരി സമർപ്പിച്ച ഹർജിയിലാണ് ഹൈക്കോടതിയുടെ ഇടപെടൽ. വിചാരണ നീണ്ടുപോകുന്നതിനാൽ കൊല്ലപ്പെട്ട യുവതിയുടെ സഹോദരി കേരളത്തിലെത്തിയിരുന്നു. തുടർന്നാണ് ഹൈക്കോടതിയിൽ പരാതി നൽകിയത്.
കോവളത്ത് (Kovalam) വിദേശവനിതയെ ബലാൽസംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ മൂന്ന് വർഷം കഴിഞ്ഞിട്ടും വിചാരണ തുടങ്ങിയിട്ടില്ല. കുറ്റപത്രം യഥാസമയം നൽകാത്തതിനാൽ പ്രതികൾ സ്വാഭാവിക ജാമ്യത്തിൽ സ്വതന്ത്രരായി ജീവിക്കുകയാണ്. ദൈവത്തിന്റെ സ്വന്തം നാട്ടിൽ നീതി ലഭിച്ചില്ലെന്നും വിചാരണ തുടങ്ങി സഹോദരിക്ക് നീതി ഉറപ്പാക്കിയിട്ടേ ഇനി കേരളം വിടുകയുള്ളുവെന്നും ഇവർ പറഞ്ഞു.
2018 മാർച്ച് 14 നാണ് കേരളം കാണാനെത്തിയ വിദേശ സഞ്ചാരി ക്രൂരമായി കൊല്ലപ്പെട്ടത്. മയക്കുമരുന്ന് നൽകി ക്രൂരമായി പീഡിപ്പിച്ച് യുവതിയെ കോവളത്തെ കുറ്റിക്കാട്ടിൽ തള്ളിയത് ഉമേഷ്, ഉദയൻ എന്നീ യുവാക്കളാണ്. യുവതിയെ കാണാതായി ഒരു മാസത്തോളമായപ്പോഴാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. പിന്നീട് പല കാരണങ്ങളാൽ കുറ്റപത്രം വൈകി. കേരളം കണ്ട ക്രൂരമായ കൊലപാതകത്തിലെ പ്രതികൾ മൂന്ന് വർഷമായി സ്വതന്ത്രരായി കഴിയുകയാണ്. സർക്കാരും പൊലീസും നൽകിയ ഉറപ്പിലാണ് കുറ്റപത്രം സമർപ്പിച്ച ഉടൻ കൊല്ലപ്പെട്ട യുവതിയുടെ സഹോദരി നാട്ടിലേക്ക് മടങ്ങിയത്. എന്നാൽ അധികൃതരുടെ അലംഭാവം മൂലം കേസിൽ ഒന്നും സംഭവിച്ചില്ല.

















