ദുബൈ: യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല് മക്തൂം റഷ്യന്‍ പ്രധാനമന്ത്രി മിഖായേല്‍ മിഷുസ്തിനുമായി കൂടിക്കാഴ്ച നടത്തി.ഇരുരാജ്യങ്ങളും തമ്മിലെ ഉഭയകക്ഷി ബന്ധം ഊഷ്മളമാക്കുന്നതിനും വിവിധ മേഖലയിലെ സഹകരണം വര്‍ധിപ്പിക്കുന്നതിനുമുള്ള വഴികള്‍ ഇരുനേതാക്കളും ചര്‍ച്ച ചെയ്തു.
യു.എ.ഇ റഷ്യയുമായി പ്രത്യേക ബന്ധം സൂക്ഷിക്കുന്ന രാജ്യമാണെന്നും, റഷ്യയിലെ അറബ് നിക്ഷേപങ്ങളില്‍ 80ശതമാനവും ഇമാറാത്തില്‍ നിന്നാണെന്നും അറബ്ലോകത്തെ 90ശതമാനം റഷ്യന്‍ നിക്ഷേപവും യു.എ.ഇയിലാണെന്നും ചര്‍ച്ചകള്‍ക്ക് ശേഷം ശൈഖ് മുഹമ്മദ് ട്വിറ്ററില്‍ കുറിച്ചു.
യു.എ.ഇയില്‍ നാലായിരം റഷ്യന്‍ കമ്ബനികളുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എക്സ്പോ 2020ദുബൈയില്‍ നടക്കുന്ന റഷ്യന്‍ ദേശീയദിനാഘോഷം ഉദ്ഘാടനം ചെയ്യുന്നതിനായാണ് മിഖായേല്‍ മിഷുസ്തിന് യു.എ.ഇയിലെത്തിയത്. ഇരു രാജ്യങ്ങളിലെയും മുതിര്‍ന്ന ഉദ്യോഗസ്ഥരും ചര്‍ച്ചയില്‍ പങ്കെടുത്തു.
















