ദില്ലി: കൊവിഡ് (covid 19) വ്യാപനത്തിൽ കേരളത്തെ ആശങ്കയറിച്ച് കേന്ദ്രസർക്കാർ (central government). കഴിഞ്ഞ മാസത്തെ കൊവിഡ് ബാധിതരിൽ 55% വും കേരളത്തിൽ നിന്നാണെന്ന് കേന്ദ്രം വ്യക്തമാക്കി. മരണനിരക്കും രോഗവ്യാപനവും പിടിച്ചുനിർത്തണമെന്ന് സംസ്ഥാനത്തിന് കേന്ദ്രം നിർദ്ദേശം നൽകി. കേരളത്തിൽ കൊവിഡ് മരണം കൂടിയെന്നാണ് കേന്ദ്രസർക്കാരിൻറെ കണക്കുകൾ വ്യക്തമാക്കുന്നത്. സംസ്ഥാനത്ത് കഴിഞ്ഞയാഴ്ച 2118 മരണവും തൊട്ടുമുമ്പത്തെ ആഴ്ച 1890 മരണവും റിപ്പോർട്ട് ചെയ്തു. തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, കൊല്ലം ജില്ലകളിലാണ് മരണനിരക്ക് കൂടുതൽ.
കോട്ടയം,കോഴിക്കോട്, വയനാട് ജില്ലകളിലെ പൊസിറ്റിവിറ്റി നിരക്കിൽ കേന്ദ്രം ആശങ്കയറിച്ചു. ഈ നാല് ജില്ലകളിൽ 10 ശതമാനത്തിന് മുകളിലാണ് പൊസിറ്റിവിറ്റി. കേരളത്തിലേതുൾപ്പെടെ രാജ്യത്തെ 18 ജില്ലകളിലെ ക്ലസ്റ്ററുകളിൽ നിരീക്ഷണം ശക്തമാക്കണമെന്നും ആരോഗ്യമന്ത്രാലയം നിർദ്ദേശിച്ചിട്ടുണ്ട്. കൊല്ലം, ആലപ്പുഴ, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, കണ്ണൂർ, കാസർകോട് ജില്ലകളിലെ വ്യാപനം തടയാൻ കൂടുതൽ ശ്രദ്ധവേണമെന്നും കേന്ദ്രം വ്യക്തമാക്കിയിട്ടുണ്ട്.
















