മതനിന്ദ (Blasphemy) ആരോപിച്ച് പാകിസ്ഥാനിൽ ശ്രീലങ്കൻ സ്വദേശിയെ (Sri Lankan man) ആൾക്കൂട്ടം തല്ലിക്കൊന്ന് കത്തിച്ചു (tortured and killed). പഞ്ചാബിലെ സിയാൽകോട്ടിൽ ഒരു ഫാക്ടറിയിലെ ജനറൽ മാനേജരായിരുന്ന പ്രിയന്ത ദിയവാദന (Priyantha Diyawadana) എന്നയാളെയാണ് വെള്ളിയാഴ്ച ആൾക്കൂട്ടം ക്രൂരമായി കൊലപ്പെടുത്തിയത്. നിലത്തേക്ക് വലിച്ചെറിച്ച ശേഷം നൂറുകണക്കിന് ആളുകൾ ചേർന്ന് ഇയാളെ മർദ്ദിക്കുന്നതിൻറേയും പീഡിപ്പിക്കുന്നതിന്റേയും ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിട്ടുണ്ട്. ക്രൂരമായി മർദ്ദിച്ച ശേഷം ഇയാളുടെ ശരീരത്തിന് തീയിടുകയായിരുന്നു. മൃതദേഹത്തോടൊപ്പം സെൽഫി എടുക്കാൻ ശ്രമിക്കുന്ന ആളുകളേയും വീഡിയോ ദൃശ്യങ്ങളിൽ കാണാൻ സാധിക്കും.
കഴിഞ്ഞ ഏഴുവർഷമായി ഫാക്ടറിയെ ജനറൽ മാനേജരായി ജോലി ചെയ്യുകയായിരുന്നു ഇയാൾ. ഖുറാനിലെ വാക്കുകൾ അടങ്ങിയ ഒരു പോസ്റ്റർ കീറിക്കളഞ്ഞതാണ് ആളുകൾ ഇയാൾക്കെതിരെ തിരിയാൻ കാരണമായത്. വെള്ളിയാഴ്ച രാവിലെയോടെ തന്നെ ആളുകൾ ഫാക്ടറിയുടെ ഗേറ്റിലേക്ക് സംഘടിച്ചെത്തുകയായിരുന്നു. ഉച്ചയോടെ ഫാക്ടറിയിലേക്ക് തള്ളിക്കയറിയ ആളുകൾ ഇയാളെ പിടികൂടുകയായിരുന്നു. ഫാക്ടറി പുനരുദ്ധാരണത്തിൻറെ ഭാഗമായാണ് മതിലിലെ ചില ഭാഗങ്ങൾ പൊളിക്കുന്നതിന് മുന്നോടിയായി ചി ല പോസ്റ്ററുകൾ നീക്കിയിരുന്നു. ഇത് പ്രവാചകനേ സംബന്ധിച്ച ഭാഗമായി തെറ്റിധരിച്ചതാണ് ആൾക്കൂട്ടത്തെ അക്രമത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് അസിസ്റ്റൻറ് കമ്മീഷണർ മുഹമ്മദ് മുർത്താസ പറയുന്നത്.
ഇയാളുമായുള്ള വ്യക്തി വൈരാഗ്യത്തെ മതനിന്ദയുടെ പേരിൽ അക്രമിച്ചതാണോയെന്നും വ്യക്തമല്ലെന്നാണ് പൊലീസ് പ്രതികരണം. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അക്രമവുമായി ബന്ധപ്പെട്ട് 50 പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. സംഭവ സ്ഥലത്തുനിന്നുള്ള വീഡിയോ ഫൂട്ടേജുകളുടെ അടിസ്ഥാനത്തിൽ കൂടുതൽ അറസ്റ്റുണ്ടാവുമെന്നാണ് സൂചന. എന്നാല് സംഭവത്തേക്കുറിച്ച് രൂക്ഷമായ വിമർശനമാണ് പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാന് നടത്തിയിരിക്കുന്നത്. പാകിസ്ഥാനെ നാണക്കേടിലാക്കിയ ദിനമെന്നാണ് ആൾക്കൂട്ട അക്രമത്തെ ഇമ്രാൻ ഖാൻ വിലയിരുത്തിയത്. സംഭവത്തിലെ കുറ്റവാളികളെ കണ്ടെത്തുന്നതിൽ ഒരു തെറ്റും സംഭവിക്കില്ലെന്നും ശിക്ഷ ഉറപ്പാക്കുമെന്നും ഇമ്രാൻ ഖാൻ പറഞ്ഞു. ഇസ്ലാമബാദിൽ നിന്ന് 200 കിലോമീറ്റര് അകലെയാണ് ആൾക്കൂട്ടത്തിൻറെ അക്രമം നടന്ന സിയാൽകോട്ട്.
















