ഇടുക്കി: കേന്ദ്ര കേരള സര്‍ക്കാരുകളുടെ ധനസഹായത്തോടെ ഇടുക്കി ജില്ലയില്‍ നടപ്പിലാക്കുന്ന കേന്ദ്രാവിഷ്‌കൃത സാക്ഷരതാ പദ്ധതിയായ പഠ്ന ലിഖ്ന അഭിയാന്‍ പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് എസ് ടി, എസ് സി പ്രമോട്ടര്‍മാരുടെ യോഗം ചേര്‍ന്ന് പദ്ധതികള്‍ ആവിഷ്‌കരിച്ചു.
ഇടുക്കി, നെടുങ്കണ്ടം, കട്ടപ്പന, പീരുമേട് ബ്ലോക്കുകളിലെ എസ് ടി എസ് സി പ്രമോട്ടര്‍മാര്‍ യോഗത്തില്‍ പങ്കെടുത്തു.സംസ്ഥാനത്ത് തിരുവനന്തപുരം, വയനാട്, പാലക്കാട്, മലപ്പുറം ജില്ലകളാണ് പഠ്ന ലിഖ്ന അഭിയാന്‍ പദ്ധതിക്കായി തെരഞ്ഞെടുക്കപ്പെട്ട മറ്റു ജില്ലകള്‍. 2022 മാര്‍ച്ച് 31 ഓടെ അഞ്ചു ജില്ലകളിലായി 200000 പേരെ സാക്ഷരരാക്കാനുള്ള പദ്ധതിയാണിത്.
കട്ടപ്പന പട്ടികവര്‍ഗ്ഗ വികസന ഓഫീസില്‍ ചേര്‍ന്ന യോഗം ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ പി വൈ സുനീഷ് ഉദ്ഘാടനം ചെയ്തു. സാക്ഷരതാ മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ പി എം അബ്ദുള്‍ കരീം അധ്യക്ഷനായിരുന്നു.ഇടുക്കി ജില്ലയില്‍ നിന്ന് 20000 പേരെ പദ്ധതിയുടെ ഭാഗമായി കണ്ടെത്തി സാക്ഷരരാക്കും.ഇതിനായി 2000 സന്നദ്ധ പ്രവര്‍ത്തകരെ കണ്ടെത്തും.
വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെയും, സന്നദ്ധ സംഘടനകളുടെയും സാമൂഹ്യ സാംസ്‌കാരിക രാഷ്ട്രീയ പ്രവര്‍ത്തകരുടെയും സേവനംം ഇതിനായി ഉപയോഗപ്പെടുത്തും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ സംഘാടക സമിതികള്‍ രൂപീകരിച്ചാണ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്. യോഗത്തില്‍ സാക്ഷരതാ മിഷന്‍ ജില്ലാ അസി. കോര്‍ഡിനേറ്റര്‍ ജെമിനി ജോസഫ് സ്വാഗതവും, കട്ടപ്പന നഗരസഭ പ്രേരക് കെ എ ഗീതമ്മ നന്ദിയും പറഞ്ഞു.
















