2021 അവസാനിക്കുവാന്‍ ഇനി കുറച്ചു ദിവസങ്ങള്‍ ബാക്കി നിൽക്കെ,വര്‍ഷാവസാന യാത്രകളുടെ ഭാഗമായി തിരഞ്ഞെടുക്കുവാന്‍ പറ്റിയ ഇന്ത്യയിലെ ഏറ്റവും മികച്ച ചില ഡെസ്റ്റിനേഷനുകള്‍.
കസോൾ
ഹിമാചല്‍ പ്രദേശിന്റെ അതിശയങ്ങളിലൊന്നാണ് കസോള്‍. ബാക്ക്പാക്കേഴ്സിന്റെ സ്വര്‍ഗ്ഗം എന്നു വിളിക്കപ്പെടുന്ന ഇവിടം പ്രകൃതിഭംഗിയാല്‍ ഏറെ അനുഗ്രഹീതമാണ്. ഇന്ത്യയിലെ മിനി ഇസ്രായേല്‍ എന്നു വിളിക്കപ്പെടുന്ന ഇവിടെ കൗതുകമുണര്‍ത്തുന്ന പല കാഴ്ചകളും കാണാം. ഇസ്രായേലില്‍ നിന്നുള്ള സഞ്ചാരികള്‍ ഇവിടെ ധാരാളമായി എത്തുന്നു. അവരുടെ സൗകര്യാര്‍ത്ഥം ഇസ്രായേലി ഭക്ഷണം ലഭിക്കുന്ന റസ്റ്റോറന്റുകളും ഹീബ്രുവിലുള്ള എഴുത്തുകളുമെല്ലാം ഇവിടെ കാണാം. പാര്‍വ്വതി നദിക്ക് കുറുകെ സ്ഥിതി ചെയ്യുന്ന പാലത്തിന് അപ്പുറവും ഇപ്പുറവുമായാണ് കസോള്‍ നീണ്ടുകിടക്കുന്നത്. പല ഹിമാലയന്‍ ട്രക്കിങ്ങുകളും ഇവിടെ നിന്ന് ആരംഭിക്കുന്നു.
സോൻമാർഗ്
ഡിസംബറിലെ വര്‍ഷാവസാന യാത്രകള്‍ ആസ്വദിക്കുവാന്‍ പറ്റിയ ഇടമാണ് സോന്മാര്ഗ്. ജമ്മു കാശ്മീരിലെ ഏറ്റവും മനോഹരമായ ഇടങ്ങളിലൊന്നായ ഇവിടെ നിരവധി കാര്യങ്ങള്‍ ആസ്വദിക്കുവാനുണ്ട്. തടാകങ്ങള്‍, ട്രെക്കിംഗ്, സ്കീയിംഗ്, ഹൈക്കിംഗ് തുടങ്ങിയ സാഹസിക വിനോദങ്ങള്‍ എന്നിങ്ങനെ കാണുവാനും അനുഭവിക്കുവാനും കുറേയിവിടെയുണ്ട്. കൂടുതലും സോളോ ട്രാവലേഴ്സ് ആണ് ഇവിടം സന്ദര്‍ശിക്കുവാനായി എത്താറുള്ളത്. മറ്റ് വിനോദ പ്രവര്‍ത്തനങ്ങള്‍ക്ക് പുറമേ, ക്യാമ്ബിംഗ്, ട്രൗട്ട് ഫിഷിംഗ് എന്നിവയ്ക്കും ഇവിടെ സാധ്യതകളുണ്ട്.
ഔലി
ഇന്ത്യയിലെ ഏറ്റവും മികച്ച സ്കീയിങ് റിസോര്‍ട്ട് എന്ന നിലയിലാണ് ഔലി അറിയപ്പെടുന്നത്. ആഗോളതലത്തില്‍ തന്നെ സ്കീയിങ് ഡെസ്റ്റിനേഷന്‍ എന്നറിയപ്പെടുന്ന ഇവിടം ഡിസംബര്‍ മാസം ഉള്‍പ്പെടെയുള്ള വിന്റര്‍ സീസണില്‍ കണ്ടിരിക്കേണ്ട സ്ഥലമാണ്. രസകരവും സാഹസികവുമായ യാത്രകള്ത്ത് പറ്റിയ ഇവിടം ഡിസംബറില്‍ സന്ദര്‍ശിക്കണോ എന്നതിനെക്കുറിച്ച് സംശയിക്കേണ്ട കാര്യമേയില്ല. ഗുര്‍സോ ബുഗ്യാലിലേക്കും ക്വാനി ബുഗ്യാലിലേക്കും ഒരു ട്രക്കിംഗും ഇവിടെ ചെയ്യാം. നന്ദാദേവി നാഷണല്‍ പാര്‍ക്ക്, ജോഷിമഠ്, നന്ദപ്രയാഗ് തുടങ്ങി ഓലിയില്‍ കാണാനും പര്യവേക്ഷണം ചെയ്യാനും നിരവധി സ്ഥലങ്ങളുണ്ട്.
മൈലാപ്പൂർ
ചെന്നൈയിലെ ഏറ്റവും മികച്ച ഇടങ്ങളിലൊന്നായാണ് മൈലാപ്പൂര് അറിയപ്പെടുന്നത്. നഗരത്തിലെ ഏറ്റവും പഴക്കമേറിയ റെസിഡന്‍ഷ്യല്‍ ഏരിയകളിലൊന്നും കൂടിയാണിത്. കപാലീശ്വര ക്ഷേത്രം, തീര്ത്ഥപാലീശ്വര ക്ഷേത്രം എന്നിവയുള്‍പ്പെടെ പുരാതനമായ ക്ഷേത്രങ്ങളും പ്രസിദ്ധമായ സാന്തോം ബസലിക്കയും ഇവിടെ കാണാം. ഇവിടുത്തെ തെരുവുകള്‍ എന്നത് കാഴ്ചകളുടെയും ജീവിതത്തിന്റെയും മറ്റൊരു തലത്തിലേക്ക് സഞ്ചാരികളെ എത്തിക്കും.
ഹംപി
ചരിത്രത്തിലേക്കുള്ള ഒരു തിരിച്ചുനടത്തമാണ് ഹംപി സഞ്ചാരികള്‍ക്ക് സമ്മാനിക്കുന്നത്. അതിപുരാതനമായ, സങ്കീര്‍ണ്ണമായ നിര്‍മ്മാണ രീതികളില്‍ തീര്‍ത്തിരിക്കുന്ന ക്ഷേത്രങ്ങളും ക്ഷേത്രക്കുളങ്ങളും കൊട്ടാരവും ആനപ്പന്തിയും ഒക്കെ ഇവിടെ കാണാനുണ്ട്. കല്ലുകളുടെ ഭാഷയില്‍ കൊത്തിയിരിക്കുന്ന ഇവിടുത്തെ ശില്പങ്ങള് പറയുന്നത് സമ്ബന്നമായ വിജയ നഗര സാമ്രാജ്യങ്ങളുടെ ചരിത്രമാണ്.
ഡൽഹൌസി
ബ്രിട്ടീഷ് ഭരണകാലം മുതല്‍ തന്നെ ഇന്ത്യയിലെ അറിയപ്പെടുന്ന വിനോദ സഞ്ചാര കേന്ദ്രമാണ്
ഡല്‍ഹൗസി. ഇഷ്ടപ്പെടുന്ന ഇന്ത്യയിലെ ഏറ്റവും മനോഹരമായ പട്ടണങ്ങളിലൊന്നാണാണ്. ദേവദാരു വനങ്ങളും മഞ്ഞുമൂടിയ കൊടുമുടികളും ആണ് ഇവിടുത്തെ പ്രധാന കാഴ്ചകള്‍. സെന്റ് ജോണ്‍സ് ചര്‍ച്ച്, സത്ധാര വെള്ളച്ചാട്ടം, ദൈന്‍കുണ്ട് കൊടുമുടി എന്നിവയാണ് ഇവിടെ സന്ദര്‍ശിക്കുവാനുള്ള ഇടങ്ങള്‍.
ഗയ
ബുദ്ധമതക്കാരുടെയും ഹിന്ദുക്കളുടെയും ഒരു പ്രധാന തീര്‍ത്ഥാടന കേന്ദ്രമായ ഗയ വിശുദ്ധ ഫാല്‍ഗു നദിയുടെ തീരത്താണ് സ്ഥിതി ചെയ്യുന്നത്. മഹാബോധി ക്ഷേത്രവും വിഷ്ണുപദ് ക്ഷേത്രവും ഈ സ്ഥലത്തെ രണ്ട് പ്രധാന ആരാധനാലയങ്ങളാണ്. സഞ്ചാരികളെക്കാള്‍ അധികം വിശ്വാസികളും തീര്‍ത്ഥാടകരുമാണ് ഇവിടെ എത്തുന്നത്. പിണ്ഡ് ദാന്‍ പൂജകള്‍ക്കുള്ള ഒരു പ്രധാന സ്ഥലം കൂടിയാണ് ഗയ.