പത്തനംതിട്ട: പത്തനംതിട്ടയിൽ സിപിഎം പ്രവർത്തകൻ സന്ദീപിന്റെ കൊലപാതകത്തിന് പിന്നിൽ ബിജെപി പ്രവർത്തകരെന്ന് പൊലീസ് എഫ്.ഐ.ആർ. അറസ്റ്റിലായിരിക്കുന്ന അഞ്ചുപേരും ബിജെപി പ്രവർത്തകരാണെന്നാണ് പൊലീസിന്റെ സ്ഥിരീകരണം.
അന്യായമായി സംഘചേരൽ, കൊലപാതകം, വധഭീഷണി മുഴക്കൽ തുടങ്ങിയ കുറ്റങ്ങളാണ് പ്രതികൾക്കെതിരെ ചേർത്തിരിക്കുന്നത്. സന്ദീപിനെ കൊലപ്പെടുത്തിയ കേസിലെ മുഴുവൻ പ്രതികളെയും ഇന്ന് ഉച്ചയോടെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
അറസ്റ്റ് രേഖപ്പെടുത്തിയ പ്രതികളെ കോടതിയിൽ ഹാജരാക്കി കോവിഡ് പ്രതികളെ പരിശോധനകൾക്ക് വിധേയമാക്കിയ ശേഷം റിമാൻഡ് ചെയ്യും.
നേരത്തെ പ്രതികൾ എല്ലാവരും ആർഎസ്എസ് പ്രവർത്തകരല്ല എന്ന രീതിയിലുള്ള പ്രചരണങ്ങൾ പുറത്തുവന്നിരുന്നു. അതെല്ലാം തള്ളിക്കൊണ്ടാണ് എഫ്‌ഐആർ സമർപ്പിച്ചിരിക്കുന്നത്. കേസിലെ ഒന്നാം പ്രതി ജിഷ്ണുവിന്റെ സംഘപരിവാർ ബന്ധം നേരത്തെ പുറത്തുവന്നിരുന്നു. കൂടാതെ പ്രതികൾക്ക് ഒളിവിൽ കഴിയാൻ സഹായിച്ചത് സംഘപരിവാർ ബന്ധമുള്ള ആൾക്കാരാണെന്നും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.
സന്ദീപിന്റെ അരുംകൊല ആര്‍എസ് എസ്- ബിജെപി സംഘം ആസൂത്രിതമായി നടത്തിയതാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ആരോപിച്ചിരുന്നു. കൊലപാതകത്തിന് പിന്നിൽ ഗൂഢാലോചന നടന്നിട്ടുണ്ട്. അതിനാല്‍ ഉന്നതതല അന്വേഷണം നടത്തണമെന്നും കോടിയേരി വ്യക്തമാക്കി.

















