ന്യൂഡല്‍ഹി: രാജ്യത്ത് വിവാദമായ ഇസ്രായേലി ചാര സോഫ്റ്റ്‌വെയർ പെഗാസസ് നിർമാതാക്കളായ എൻ.എസ്.ഒ ഗ്രൂപ്പിനെ നിരോധിക്കാൻ ആലോചനയില്ലെന്ന് കേന്ദ്ര സർക്കാർ. രാജ്യസഭയിൽ ഒരു ചോദ്യത്തിന് മറുപടിയായി ഇലക്ട്രോണിക്സ് ആൻഡ് ഐ.ടി മന്ത്രി രാജീവ് ചാന്ദ്രശേഖറാണ് ഇക്കാര്യം അറിയിച്ചത്.
പെഗാസസ് ചാര സോഫ്റ്റ്‌വെയർ ഉപയോഗിച്ച് വ്യക്തികളുടെ വിവരങ്ങൾ ചോർത്തിയെന്ന ആരോപണം നേരിടുന്ന എൻ.എസ്.ഓ ഗ്രൂപ്പിനെ അമേരിക്ക കരിമ്പട്ടികയിൽ ഉൾപ്പെടുത്തിയ പശ്ചാത്തലത്തിൽ കേന്ദ്രസർക്കാർ അത്തരമൊരു തീരുമാനമെടുത്തിട്ടുണ്ടെന്നോയെന്ന ചോദ്യത്തിനുള്ള മറുപടി ആയിട്ടാണ് മന്ത്രിയുടെ മറുപടി.
സർക്കാർ ഉദ്യോഗസ്ഥർ, പത്രപ്രവർത്തകർ തുടങ്ങിയവരിൽ ചാരവൃത്തി നടത്താൻ വിദേശ സർക്കാരുകൾക്ക് സോഫ്റ്റ്‌വെയർ വില്പന നടത്തിയെന്ന് ആരോപിച്ചാണ് കമ്പനികളെ കരിമ്പട്ടികയിൽ ഉൾപ്പെടുത്തിയത്. റഷ്യയിലെ പോസിറ്റീവ് ടെക്‌നോളജീസ്, സിംഗപ്പൂരിലെ കമ്പ്യൂട്ടർ സെക്യൂരിറ്റി ഇനിഷ്യേറ്റിവ് എന്നീ കമ്പനികളെയും കരിമ്പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
















