കോട്ടയം: കോട്ടയം കട്ടച്ചിറയില്‍ നിയന്ത്രണംവിട്ട ആംബുലന്‍സ് ഇടിച്ച് നാല് പേര്‍ക്ക് പരിക്ക്. ആംബുലന്‍സ് ഡ്രൈവര്‍ കരിക്ക് കുടിക്കാനായി വഴിയില്‍ ഇറങ്ങിയപ്പോള്‍ കരിക്ക് വില്പ്പനക്കാരന് ആംബുലന്‍സ് എടുത്ത് ഓടിക്കവെയാണ് അപകടമുണ്ടായത്. പരിക്കേറ്റവരുടെ നില ഗുരുതരമല്ല.
കിടങ്ങൂർ-ഏറ്റുമാനൂർ ബൈപ്പാസിൽ കട്ടച്ചിറയിലായിരുന്നു അപകടം. ഇന്ന് വൈകുന്നേരം നാലിനായിരുന്നു സംഭവം. പാലാ ജനറൽ ആശുപത്രിയുടെ ആംബുലൻസാണ് അപകടത്തിൽപ്പെട്ടത്. ദാഹമകറ്റാനായി ആംബുലന്‍സ് ഡ്രൈവര്‍ വാഹനം വഴിയോരത്ത് നിര്‍ത്തിയിട്ടതായിരുന്നു. ഈ സമയത്ത് കരിക്ക് വില്പ്പനക്കാരന് ആംബുലന്‍സില്‍ കയറി വണ്ടി മുന്നോട്ടെടുത്തു. എന്നാല്‍ ഗിയര്‍ മാറ്റിയതില്‍ വന്ന പിശക് കാരണം മുന്നോട്ട് പോകുന്നതിന് പകരം വാഹനം പിന്നിലേക്കാണ് പോയത്.
പിന്നാലെ വന്ന രണ്ട് ഓട്ടോറിക്ഷകളിലും നിർത്തിയിട്ടിരുന്ന ബൈക്കിലും ആംബുലൻസ് ഇടിച്ചുകയറി. ഒരു ഓട്ടോ റോഡിൽ തലകീഴായി മറിഞ്ഞു. ഓട്ടോയിൽ ഉണ്ട ായിരുന്ന മൂന്ന് യാത്രക്കാർക്കും നിർത്തിയിട്ടിരുന്ന ബൈക്ക് യാത്രക്കാരനും പരിക്കേറ്റു. ഇവരെ കിടങ്ങൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അപകട സമയത്ത് ആംബുലന്‍സില്‍ രോഗികളാരും ഉണ്ടായിരുന്നില്ല. സംഭവത്തില്‍ അലക്ഷ്യമായി വണ്ടിയോടിച്ച ആള്‍ക്കെതിരേ ഏറ്റുമാനൂര്‍ പോലീസ് കേസെടുത്തു.

















