ന്യൂഡൽഹി: മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് ബോളിവുഡ് നടി കങ്കണ റണാവത്തിന്റെ കാർ തടഞ്ഞ് കർഷകർ. പഞ്ചാബിലെ കിരാത്പൂരിൽ വച്ചാണ് കർഷകർ കങ്കണയുടെ കാർ തടഞ്ഞത്.
കേന്ദ്രസർക്കാർ കഴിഞ്ഞ ദിവസം റദ്ദാക്കിയ കാർഷിക നിയമത്തെ അനുകൂലിച്ചും കർഷകർക്കെതിരെയും പ്രസ്താവനകൾ നടത്തിയതിന് കങ്കണ മാപ്പ് പറയണമെന്നായിരുന്നു കർഷകരുടെ ആവശ്യം.
വെള്ളിയാഴ്ച പ്രദേശത്തിലൂടെ കടന്നുപോയിക്കൊണ്ടിരുന്ന കങ്കണയുടെ കാർ കൊടികളേന്തി മുദ്രാവാക്യവുമായെത്തിയ കർഷകർ തടയുകയായിരുന്നു. തുടർന്ന് അവിടെ തടിച്ചു കൂടിയ ജനക്കൂട്ടം തന്നെ അസഭ്യം പറയുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തെന്ന് കങ്കണ ഇൻസ്ഗ്രാം സ്റ്റോറിയിൽ പോസ്റ്റ് ചെയ്ത വിഡിയോയിൽ പറഞ്ഞു. വനിത കർഷകരോട് സംസാരിച്ച് സന്ധിയിലെത്തിയ ശേഷം കങ്കണ പതിയെ സ്ഥലം വിടുകയായിരുന്നു.
കർഷക സമരത്തിനെതിരെ നടത്തിയ ട്വിറ്റർ പോസ്റ്റുകളുടെ പേരിൽ നിരവധി ഭീഷണി സന്ദേശങ്ങൾ തനിക്ക് ലഭിച്ചുവെന്നും, സംഭവത്തിൽ പോലീസിൽ പരാതി നൽകിയിട്ടുണ്ടെന്നും കങ്കണ അറിയിച്ചു.
ഇൻസ്റ്റഗ്രാം കുറിപ്പിലൂടെ കർഷക സമരത്തെ ബോധപൂർവം ഖലിസ്ഥാനി പ്രസ്ഥാനമായി ചിത്രീകരിക്കുകയും സിഖ് സമുദായത്തെ ഖലിസ്ഥാനി ഭീകരന്മാരായി അവതരിപ്പിക്കുകയും ചെയ്തതിന് മുംബൈ പൊലിസ് കങ്കണയ്ക്കെതിരെ കേസെടുത്തിട്ടുണ്ട്. ഡൽഹിയിലെ സിഖ് ഗുരുദ്വാര കമ്മിറ്റി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു നടപടി. മതവികാരം വ്രണപ്പെടുത്തുന്ന നടപടിയാണെന്ന് ചൂണ്ടിക്കാട്ടി ഐപിസി 295 എ പ്രകാരമായിരുന്നു കേസെടുത്തത്.
















