തലശ്ശേരി: സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് ജില്ലാ കളക്ടര്‍ പ്രഖ്യാപിച്ച നിരോധനാജ്ഞ ലംഘിച്ച് തലശ്ശേരി ടൗണില്‍ പ്രതിഷേധ പ്രകടനം. ആര്‍എസ്എസ് – സംഘപരിവാര്‍ പ്രവര്‍ത്തകരാണ് പ്രതിഷേധ പരിപാടി സംഘടിപ്പിച്ചത്. മുന്നൂറോളം പ്രവര്‍ത്തകര്‍ പങ്കെടുത്ത പ്രതിഷേധ പപരിപാടിയാണ് പുരോഗമിക്കുന്നത്. വാടിക്കല്‍ ജംങ്ഷന് സമീപത്ത് നിന്ന് ആരംഭിച്ച ജാഥ പോലീസ് തടഞ്ഞു.
മാർച്ചിനെ അഭിസംബോധന ചെയ്ത് ബിജെപി, യുവമോർച്ച നേതാക്കൾ സംസാരിച്ചതിന് ശേഷമാണ് പൊലീസ് ഇടപെട്ടത്. ബിജെപി ജില്ലാ പ്രസിഡന്റ് ഉൾപ്പെടെയുള്ളവരെ പൊലീസ് അറസ്റ്റ് ചെയ്തു. മറ്റുള്ളവർ പിരിഞ്ഞുപോവുകയായിരുന്നു.
രണ്ട് ദിവസം മുൻപ് കെ.ടി.ജയകൃഷ്ണൻ മാസ്റ്ററുടെ ചരമവാർഷിക ദിനത്തിൽ ബിജെപി – ആർഎസ്എസ് പ്രവർത്തകർ തലശ്ശേരി നഗരത്തിൽ പ്രകടനം നടത്തിയിരുന്നു. പ്രകടനത്തിൽ വർഗീയചേരിതിരിവുണ്ടാക്കുന്ന മുദ്രാവാക്യങ്ങൾ വിളിക്കുകയും സംഭവം വിവാദമായതിനെ തുടർന്ന് കണ്ടാലറിയുന്ന 25 ആർഎസ്എസ് പ്രവർത്തകർക്കെതിരെ പൊലീസ് കേസെടുത്തിരുന്നു.
ബിജെപി- ആർഎസ്എസ് പ്രവർത്തകരുടെ പ്രകടനത്തിന് മറുപടിയുമായി കഴിഞ്ഞ ദിവസം മറുപടിയായി യൂത്ത്‌ലീഗ്, എസ്ഡിപിഐ, കോൺഗ്രസ്, ഡിവൈഎഫ്‌ഐ തുടങ്ങിയ സംഘടനകൾ പ്രതിഷേധ പ്രകടനങ്ങൾ നടത്തിയിരുന്നു.
എസ്ഡിപിഐ പ്രകടനത്തിന് ശേഷം ബിജെപി പ്രവർത്തകരുമായി സംഘർഷമുണ്ടായിരുന്നു. ഇതിൽ പ്രതിഷേധിച്ചാണ് ഇന്ന് പ്രകടനം നടത്തിയത്. സംഘർഷാവസ്ഥ ഒഴിവാക്കാൻ പൊലീസ് 144 പ്രഖ്യാപിച്ചെങ്കിലും അത് ലംഘിച്ച് ബിജെപി പ്രകടനം നടത്തുകയായിരുന്നു.
അടിയന്തര സാഹചര്യം നേരിടാൻ കണ്ണൂർ കമ്മീഷണർ ആർ.ഇളങ്കോയുടേയും മൂന്ന് അസി.കമ്മീഷണർമാരുടേയും നേതൃത്വത്തിൽ വൻ പൊലീസ് സന്നാഹമാണ് തലശ്ശേരി നഗരത്തിൻ്റെ എല്ലാ ഭാഗത്തുമായി ക്യാംപ് ചെയ്യുന്നുണ്ട്.

















