തിരുവനന്തപുരം: തിരുവല്ലയിലെ സിപിഎം പ്രവര്‍ത്തകന്‍ സന്ദീപിന്റേത് അത്യന്തം ക്രൂരമായ കൊലപാതകമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സന്ദീപിന്റെ അരുകൊല ആസൂത്രിതമാണ്. ആര്‍എസ്എസ് ബിജെപി സംഘമാണ് കൊലപാതകത്തിന് പിന്നിലുള്ളത്. ഗൂഢാലോചനയ്ക്ക് പിന്നിൽ ആരെന്ന് കണ്ടെത്താൻ ഉന്നതതല അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അന്വേഷണം കഴിയാതെ രാഷ്ട്രീയ കൊലപാതകമല്ലെന്ന ബിജെപി വാദം പൊലീസ് ഏറ്റെടുക്കരുതെന്നും കോടിയേരി പറഞ്ഞു. സർക്കാർ ഇക്കാര്യം പരിശോധിക്കണമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി അറിയിച്ചു.
സന്ദീപ് ജനകീയ നേതാവാണ്. പഞ്ചായത്ത് തിരിച്ചുപിടിക്കാൻ പ്രധാന പങ്കുവഹിച്ചു. കേരളത്തിൽ സിപിഐ എമ്മിനെ വകവരുത്താൻ ആർഎസ്എസ് ഇതിനുമുൻപും ശ്രമിച്ചിട്ടുണ്ട്. 2016ന് ശേഷം സിപിഐ എമ്മിന്റെ 20 പ്രവർത്തകർ കൊല്ലപ്പെട്ടെന്ന് അദ്ദേഹം പറഞ്ഞു. അതിൽ 15 പേരെയും കൊലപ്പെടുത്തിയത് ആർഎസ്എസ് സംഘമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കൊലപാതകങ്ങളിലൂടെ സി പി ഐ എമ്മിനെ ഇല്ലാതാക്കാനാണ് ശ്രമം. കൊലയ്ക്ക് പകരം കൊല എന്നത് സിപിഐ എമ്മിന്റെ നയമല്ല. അക്രമികളെ ഒറ്റപ്പെടുത്തുകയാണ് വേണ്ടതെന്ന് പറഞ്ഞ അദ്ദേഹം സമാധാനപരമായ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുമെന്നും വ്യക്തമാക്കി.
ഇന്നലെ രാത്രി എട്ട് മണിയോടെയാണ് തിരുവല്ല ചാത്തങ്കരിയിലെ മേപ്രാലിൽ വയലിൽ വച്ച് സന്ദീപിനെ ഒരു സംഘമാളുകൾ ബൈക്കിലെത്തി വെട്ടിക്കൊലപ്പെടുത്തിയത്. സന്ദീപിന്‍റെ നെഞ്ചിൽ ഒമ്പത് വെട്ടേറ്റിട്ടുണ്ട്. ആശുപത്രിയിലെത്തും മുമ്പ് തന്നെ മരിച്ചു. അക്രമികൾ ഉടൻ തന്നെ സ്ഥലത്ത് നിന്ന് രക്ഷപ്പെട്ടെങ്കിലും രാത്രിയോടെ നാല് പേർ പിടിയിലായി. ഇന്ന് അഞ്ചാമനെയും പിടികൂടിയോടെ കേസിലെ എല്ലാ പ്രതികളും അറസ്റ്റിലായി. ജിഷ്ണു രഘു, നന്ദു, പ്രമോദ്, മുഹമ്മദ് ഫൈസൽ, അഭി എന്നിവരാണ് കേസിലെ പ്രതികൾ.

















