തിരുവനന്തപുരം: ബസ് ചാർജ് (Bus charge) വർധന സംബന്ധിച്ച് ജസ്റ്റിസ് രാമചന്ദ്രൻ കമ്മിറ്റിയുമായി ഗതാഗതമന്ത്രി ആൻറണി രാജു (Antony Raju) ചർച്ച നടത്തും. ഡിസംബർ ഒൻപതിന് വൈകുന്നേരം നാലിന് തൈക്കാട് ഗവൺമെൻറ് ഗസ്റ്റ് ഹൗസിൽ വച്ചാണ് ചർച്ച നടത്തുക. ഇന്ധന വില വർധനവിൻറെ അടിസ്ഥാനത്തിൽ സ്വകാര്യ ബസ്സുടമകളുടെ സംഘടനാ പ്രതിനിധികളുമായി ഗതാഗത മന്ത്രി നടത്തിയ ചർച്ചയെ തുടർന്ന് ബസ് ചാർജ് വർധിപ്പിക്കുവാൻ തീരുമാനിച്ചിരുന്നു. പിന്നീട് വിദ്യാർത്ഥി സംഘടനകളുമായും ചർച്ച നടത്തി. ഇക്കാര്യത്തിൽ അഭിപ്രായം ആരായുന്നതിനാണ് ബസ് നിരക്ക് നിർദ്ദേശിക്കാൻ ചുമതലപ്പെടുത്തിയിട്ടുള്ള കമ്മിറ്റിയുമായി ഗതാഗതമന്ത്രി ആൻറണി രാജു ചർച്ച നടത്തുന്നത്.
ബസ് യാത്രാ നിരക്ക് വർദ്ധിപ്പിക്കുമ്പോൾ കൺസഷൻ നിരക്കിൽ മാറ്റം വരുത്തരുതെന്നാണ് വിദ്യാർത്ഥി സംഘടനകൾ ആവശ്യപ്പെടുന്നത്. വിദ്യാർഥികളുടെ കൺസഷൻ ഒരു രൂപയിൽ നിന്ന് ആറ് രൂപയാക്കണമെന്നാണ് ബസുടമകളുടെ പ്രധാന ആവശ്യം. എന്നാൽ ഇത്ര വർധന പറ്റില്ലെന്നും ഒന്നര രൂപയാക്കാമെന്നുമാണ് സർക്കാർ നിലപാട്. ബസ് ചാർജ് വർധനയെ കുറിച്ച് പഠിച്ച ജസ്റ്റിസ് രാമചന്ദ്രൻ കമ്മിഷൻ മിനിമം കൺസഷൻ നിരക്ക് അഞ്ച് രൂപയാക്കണമെന്ന ശുപാർശയാണ് നൽകിയിട്ടുള്ളത്. ബസ് മിനിമം നിരക്ക് എട്ട് രൂപയിൽ നിന്ന് 10 രൂപ ആക്കണമെന്നാണ് സർക്കാരിന്റെ നിലപാട്. 12 രൂപയാണ് ബസ് ഉടമകൾ ആവശ്യപ്പെടുന്ന വർധന.

















