കോഴിക്കോട്: കോഴിക്കോട് സിറ്റി പൊലീസിൽ (Kozhikode City Police) മേലുദ്യോഗസ്ഥർക്ക് സല്യൂട്ട് നൽകാത്തതിൻറെ പേരിൽ നടപടി. രണ്ടാഴ്ചക്കിടെ മൂന്ന് പേരാണ് സല്യൂട്ട് നൽകിയില്ലെന്ന പേരിൽ അച്ചടക്ക നടപടി നേരിട്ടത്. കൂടുതൽ നടപടി ഭയന്ന് ആരും പരാതി നൽകിയിട്ടില്ല.
രണ്ടാഴ്ച മുൻപാണ് സല്യൂട്ട് പീഡനപരമ്പരയിലെ ഒരു കഥ അരങ്ങേറിയത്. തിരക്കേറിയ രാജാജി റോഡിൽ ഡ്യൂട്ടി ചെയ്യുകയായിരുന്ന സിവിൽ പൊലീസ് ഉദ്യോഗസ്ഥന് ജോലിക്കിടെ മേലുദ്യോഗസ്ഥനെ സല്യൂട്ട് ചെയ്യാൻ കഴിഞ്ഞില്ല. സല്യൂട്ട് കിട്ടാതിരുന്ന മേലുദ്യോഗസ്ഥൻ അതിവേഗം നടപടിയെടുത്തും. ഓർഡർലി മാർച്ചിൻ്റെ രൂപത്തിൽ ഉദ്യോഗസ്ഥന് പണി വന്നു. തിരക്കേറിയ രാജാജി റോഡിൽ മൂന്ന് ദിവസം തുടർച്ചയായി ഡ്യൂട്ടിയും നൽകി.
ട്രാഫിക് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥൻ മാത്രമല്ല. ഗുഡ് സർവ്വീസ് എൻട്രി കിട്ടിയ എഎസ്ഐയും വൈകാതെ നടപടി നേരിട്ടു. തൊപ്പി വച്ചത് ശരിയായില്ലെന്നോ സല്യൂട്ട് നൽകിയില്ലെന്നോ വ്യക്തമാക്കാതെയായിരുന്നു ഈ ഉദ്യോഗസ്ഥനെതിരായ നടപടി. ഫറോക്ക് സ്റ്റേഷനിലേക്ക് നൽകിയ സ്ഥലം മാറ്റ ഉത്തരവിൽ പബ്ളിക്ക് ഗ്രൗണ്ട് എന്ന കാരണമാണ് പരാമർശിച്ചിരിക്കുന്നത്. ചേവായൂർ സ്റ്റേഷനിലെ പ്രിൻസിപ്പൽ എസ്ഐയും സല്യൂട്ടിൻറെ പേരിൽ നടപടി നേരിട്ടു. ഏ.ആർ.ക്യാമ്പിൽ ഒരു ദിവസത്തെ ഡ്യൂട്ടിയായിരുന്നു ശിക്ഷ.
സിറ്റി പൊലീസിലെ സിവിൽ പൊലീസ് ഓഫീസർമാരാണ് മേലുദ്യോഗസ്ഥരുടെ സല്യൂട്ട് പീഡനത്തിന് കൂടുതലും ഇരയാവുന്നത്. അച്ചടക്ക നടപടി ഭയന്ന് ഇവരാരും പരാതി ഉന്നയിക്കാറില്ല. പലപ്പോഴും ട്രാഫിക്ക് ഡ്യൂട്ടി തിരക്കിനിടയിലാണ് ഇത്തരത്തിൽ സല്യൂട്ട് പ്രശ്നം ഇവർ നേരിടുന്നത്. സല്യൂട്ട് ചെയ്യുമ്പോൾ പാലിക്കേണ്ട ചട്ടങ്ങൾ ഇവർ ക്യത്യമായി പാലിച്ചില്ലെന്നാണ് സിറ്റി പൊലീസ് കമ്മീഷണറുടെ വിശദീകരണം. അച്ചടക്ക നടപടിയല്ല തിരുത്തൽ പ്രക്രിയയാണ് ഇതെന്നും കമ്മീഷണർ എ.വി. ജോർജ്ജ് വ്യക്തമാക്കി.

















