കോട്ടയം: വിരണ്ടോടിയ പിടിയാന കിണറ്റിൽ കുടുങ്ങി. കഴിഞ്ഞ ദിവസം കോട്ടയം പനച്ചിക്കാട് തുരുത്തിപ്പള്ളി കവലയ്ക്ക് സമീപമാണ് സംഭവം നടന്നത്. പാലസ്വദേശിയുടെ കല്ല്യാണി എന്നുപേരുള്ള പിടിയാനയാണ് സമീപത്തുള്ള വീടിൻറെ അമ്പതടി താഴ്ചയുള്ള കിണറിൽ കുടുങ്ങിയത്. അരമണക്കൂറോളം പരിശ്രമിച്ചാണ് ഒടുവിൽ ആനയെ കിണറ്റിൽ വീഴാതെ പുറത്ത് എത്തിച്ചത്. തടിപിടിക്കാൻ കൊണ്ടുപോകുന്നതിനിടെ തുരുത്തിപ്പള്ളി കവലയിൽ വച്ച് ആന പിണങ്ങി ഓടുകയായിരുന്നു. വ്യാഴാഴ്ച രാവിലെ 10.30ഓടെയായിരുന്നു നാടകീയ സംഭവങ്ങളുടെ തുടക്കം.
കവലയിൽ നിന്നും ഓട്ടം ആരംഭിച്ച ആന ഏതാണ്ട് 4 കിലോമീറ്ററോളം ഓടി. ഇതിനിടെ ആനയുടെ വാലിൽ പിടിച്ച് ഒരു പാപ്പൻ ആനയുടെ വേഗത കുറച്ചു. അതിനിടെ ഓടിയ ആന തുരുത്തപ്പള്ളി സീതഭവൻ എന്ന വീട്ടിന് മുന്നിലെത്തി. ഇവിടുത്തെ വീട്ടുമുറ്റത്തെ കിണർ ചാടികടക്കാനുള്ള ശ്രമത്തിൽ ആന കിണറ്റിൽ കുടുങ്ങി.
അമ്പതടി താഴ്ചയുള്ള കിണറ്റിൽ തുമ്പിക്കൈയും, തലയും പുറത്തും, മുൻകാലുകൾ കിണറ്റിനകത്തും എന്ന അവസ്ഥയിലാണ് പിടിയാന കുടുങ്ങിയത്. ഒടുവിൽ പാപ്പന്മാരുടെ നിർദേശത്തിൽ മുൻകാൽ നിരക്കിയാണ് ആന കാൽ പിന്നോട്ട് എടുത്ത് കിണറ്റിൽ നിന്നും ഇറങ്ങിയത്. ആനയുടെ തുമ്പിക്കൈയ്ക്കും മുഖത്തും ചെറിയ പരിക്ക് പറ്റിയിരുന്നു. കിണറിൻറെ തൂൺ വീണ് രണ്ടാം പാപ്പാനും ചെറിയ പരിക്ക് പറ്റിയിട്ടുണ്ട്. സംഭവം നടക്കുമ്പോൾ വീട്ടിൽ ആരും ഇല്ലായിരുന്നു.
കിണറിനോട് അനുബന്ധിച്ചുണ്ടായിരുന്ന പമ്പും മോട്ടോറും കിണറ്റിൽ വീണിരുന്നു. വെള്ളം നൽകുന്ന പൈപ്പ് പൊട്ടി. വീട്ടുകാർ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. അതേ സമയം ആന ഇടഞ്ഞ സമയത്ത് ആനപ്പുറത്ത് ഒരു കുട്ടിയുണ്ടായിരുന്നുവെന്നും കുട്ടിയെ സുരക്ഷിതമായി നിലത്ത് ഇറക്കിയെന്നും നാട്ടുകാർ പറയുന്നു. തിരക്കുള്ള കവലയിലൂടെയാണ് ആന ഓടിയതെങ്കിലും നാശനഷ്ടങ്ങളോ, ആളുകൾക്ക് പരിക്കോ പറ്റിയില്ല.
















