ന്യൂഡൽഹി: ഡൽഹിയിലെ വായൂ മലിനീകരണത്തിന്‍റെ കാരണം പാകിസ്താനിൽനിന്നുള്ള മലിന വായുവാണെന്ന് ഉത്തർപ്രദേശ് സർക്കാർ സുപ്രീംകോടതിയിൽ. രാജ്യതലസ്ഥാനത്തെ മലിനീകരണത്തിൽ യുപിയിലെ വ്യവസായങ്ങൾക്ക് പങ്കില്ലെന്നും യുപി സർക്കാർ വ്യക്തമാക്കി. ഡൽഹി-എൻസിആർ മേഖലയിലെ അന്തരീക്ഷ മലിനീകരണം സംബന്ധിച്ച ഹർജി ഇന്ന് പരിഗണിക്കവെയാണ് സർക്കാർ വാദം. ചീഫ് ജസ്റ്റിസ് എൻ വി രമണ അധ്യക്ഷനായ ബെഞ്ചാണ് വാദം കേൾക്കുന്നത്.
മുതിർന്ന അഭിഭാഷകൻ രഞ്ജിത് കുമാർ ആണ് യുപി സർക്കാരിന് വേണ്ടി ഹാജരായത്. സംസ്ഥാനത്തെ വ്യവസായ സ്ഥാപനങ്ങളിൽ നിന്നുള്ള വായു ഡൽഹിയിലേക്ക് പോകുന്നില്ലെന്നും പാകിസ്ഥാനിൽ നിന്നുള്ള മലിനമായ വായുവാണ് ഡൽഹിയിലെ അന്തരീക്ഷ ഗുണനിലവാരത്തെ ബാധിക്കുന്നതെന്നും രഞ്ജിത് കുമാർ ആരോപിച്ചു. പാകിസ്ഥാനിൽ വ്യവസായങ്ങൾ നിരോധിക്കണമെന്നാണോ നിങ്ങൾ ആഗ്രഹിക്കുന്നതെന്നാണ് സർക്കാർ വാദത്തെ പരിഹസിച്ച് രമണ ചോദിച്ചത്.
















