ബ്രസ്സല്‍സ്: ഏതാനും മാസങ്ങള്‍ക്കുള്ളില്‍ യൂറോപ്പിലെ മൊത്തം കോവിഡ് അണുബാധകളില്‍ പകുതിയിലധികവും ഒമിക്രോണ്‍ വകഭേദം മൂലമാകുമെന്ന് യൂറോപ്യന്‍ യൂണിയന്‍റെ പബ്ലിക് ഹെല്‍ത്ത് ഏജന്‍സി അറിയിച്ചു.
അതേസമയം, ഈ മേഖലയില്‍ ഗുരുതരമായ രോഗങ്ങളൊന്നും ഇതുവരെ കണ്ടെത്തിയിട്ടില്ല.
യൂറോപ്പില്‍ ഇതുവരെ ഡസന്‍ കണക്കിന് ആളുകളില്‍ ഒമിക്രോണ്‍ വകഭേദം സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്ത്യയിലും യുകെയിലും ദക്ഷിണാഫ്രിക്കയിലുമടക്കം 30 രാജ്യങ്ങളില്‍ കൊറോണ വൈറസിന്‍റെ ഏറ്റവും പുതിയ വകഭേദം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
ഡെല്‍റ്റയടക്കമുള്ള മുന്‍ വകഭേദങ്ങെള അപേക്ഷിച്ച് അതിവേഗം പടര്‍ന്നുപിടിക്കുന്നതും ഗുരുതരമാകുന്നതുമാണ് ഒമിക്രോണ്‍ വകഭേദമെന്നാണ് പ്രാഥമിക വിലയിരുത്തല്‍. ജനുവരി അവസാനത്തോടെ ഡെല്‍റ്റാ വകഭേദത്തിന്‍റെ സ്ഥാനത്തേക്ക് ഒമിക്രോണ്‍ വരുമെന്ന് ഫ്രഞ്ച് സര്‍ക്കാരിന്‍റെ ഉന്നത ശാസ്ത്ര ഉപദേഷ്ടാവ് ജീന്‍ ഫ്രാങ്കോയിസ് ഡെല്‍ഫ്രാസി വ്യാഴാഴ്ച പറഞ്ഞിരുന്നു.
അതേസമയം, ഒമിക്രോണിന്‍റെ ശക്തമായ വ്യാപനശേഷിക്ക് ഇപ്പോള്‍ വ്യക്തമായ തെളിവില്ലെന്ന് ലോകാരോഗ്യ സംഘടനയുടെ കോവിഡുമായി ബന്ധപ്പെട്ട പ്രധാന വ്യക്തിയായ മരിയ വാന്‍ കെര്‍ഖോവ് അറിയിച്ചിട്ടുണ്ട്. ദിവസങ്ങള്‍ക്കുള്ളില്‍ അത് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പ്രതീക്ഷിക്കുന്നതായും അവര്‍ വ്യക്തമാക്കി.
















