ന്യൂഡൽഹി; രാജ്യത്ത് കൂടുതൽ പേർക്ക് ഒമിക്രോൺ (omicron)സ്ഥിരീകരിക്കാൻ സാധ്യത. കൊവിഡ് സ്ഥിരീകരിച്ച പത്ത് പേരുടെ ജനിതക ശ്രേണീകരണ(genome sequencing) ഫലം വരാനുണ്ട്. രാജ്യത്ത് ഒമിക്രോൺ സ്ഥിരീകരിച്ച രണ്ട് പേരിൽ ഒരാൾ രോഗം മാറി രാജ്യം വിട്ട സാഹചര്യത്തിൽ വിദേശത്ത് നിന്ന് എത്തിയവരുടെ നിരീക്ഷണം ശക്തമാക്കി.രണ്ട് ദിവസത്തിനിടെ 7500 ഓളം പേരാണ് രാജ്യത്ത് എത്തിയിട്ടുള്ളത്.
ഒമിക്രോൺ കണ്ടെത്തിയ രാജ്യങ്ങളിൽ നിന്ന് എത്തിയ ആറു പേർക്കു കൂടി ദില്ലിയിൽ കൊവിഡ് സ്ഥിരീകരിച്ചു.വിമാന സർവ്വീസുകൾ നിരോധിക്കണം എന്നാവശ്യപ്പെട്ട് അരവിന്ദ് കെജ്രിവാൾ വീണ്ടും രംഗത്തെത്തി.ഡൽഹിയിൽ ഒരു വാക്സീനെങ്കിലും എടുക്കാത്തവർക്ക് പൊതു ഇടങ്ങളിൽ നിയന്ത്രണത്തിന് നീക്കം തുടങ്ങിയിട്ടുണ്ട്.
ഇതിനിടെ പുതിയ കോവിഡ് പ്രതിരോധ വാക്സീനായ സൈകോവ് ഡി ആദ്യം ഏഴ് സംസ്ഥാനങ്ങളിൽ നൽകാനുള്ള ഒരുക്കങ്ങൾ പൂർത്തിയായി വരികയാണ്.ബീഹാർ, ജാർഖണ്ഡ്, മഹാരാഷ്ട്ര, പഞ്ചാബ്, തമിഴ്നാട്, യു പി, പശ്ചിമ ബംഗാൾ സംസ്ഥാനങ്ങളിലാകും ആദ്യം വിതരണം നടത്തുക.
















