ഡിസംബറിനെ വരവേറ്റ് മൂന്നാർ. ക്രിസ്മസ് പുതുവത്സര ആഘോഷങ്ങൾക്ക് സഞ്ചാരികളെ വരവേൽക്കാനൊരുങ്ങിയിരിക്കുകയാണ് മൂന്നാർ. കോവിഡ് വ്യാപനവും ലോക്ഡൗണും മൂലം കഴിഞ്ഞ ക്രിസ്മസ് കാലത്ത് മൂന്നാർ ടൂറിസം മേഖല സ്തംഭിച്ചിരുന്നു. ഡിസംബറിൽ തരക്കേടില്ലാത്ത ബുക്കിങ് ലഭിച്ചു വരുന്നതായി ഹോട്ടൽ രംഗത്തുള്ളവർ പറയുന്നു. വാടക നിരക്കിൽ പരമാവധി ഇളവു വരുത്തിയാണ് ടൂറിസം മേഖലയെ കൈപിടിച്ചുയർത്താൻ ഇവർ ശ്രമിക്കുന്നത്.
ഇത്തവണത്തെ പുതുമകളിൽ ഒന്നാണ് കെഎസ്ആർടിസി ഒരുക്കിയിരിക്കുന്ന കുറഞ്ഞ ചെലവിൽ താമസവും സൈറ്റ് സീയിങ് സൗകര്യവും. കുടുംബാംഗങ്ങൾക്ക് ഒരുമിച്ചു സുരക്ഷിതമായി താമസിക്കാൻ കഴിയുംവിധമാണ് കെഎസ്ആർടിസിയുടെ സ്ലീപ്പർ കോച്ച് സംവിധാനം. ഒരാൾക്ക് 100 രൂപയാണ് ഒരു രാത്രി തങ്ങാൻ ചെലവ്. കുറഞ്ഞ നിരക്കിൽ മൂന്നാർ ചുറ്റിക്കാണാനുള്ള സൈറ്റ് സീയിങ് സൗകര്യവും ഇവർ ഒരുക്കിയിട്ടുണ്ട്.
ഡിടിപിസി സൈക്കിൾ സവാരിക്ക് അവസരമൊരുക്കി വാടക സൈക്കിളുകളും എത്തിച്ചിട്ടുണ്ട്. പൊതുമരാമത്ത് വകുപ്പിൻ്റെ മൂന്നാറിലെ റെസ്റ്റ് ഹൗസ് പൊതുജനങ്ങൾക്കായി തുറന്നതും ഗുണമായി. രണ്ട് പേർക്ക് 600 രൂപയ്ക്ക് ഇവിടെ മുറി ലഭ്യമാണ്. 5 പേർക്ക് താമസിക്കാവുന്ന ഡോർമിറ്ററി സൗകര്യവും ഉണ്ട്. ഇരവികുളം ദേശീയോദ്യാനവും സന്ദർശകർക്കായി കൂടുതൽ സൗകര്യങ്ങൾ ഒരുക്കി. പൂക്കളാൽ സമ്പന്നമായ ഇവിടത്തെ ഓർക്കിഡേറിയം ഏറെ ആകർഷകമാണ്.
പ്രാഥമിക ചികിത്സാ സൗകര്യവും മുലയൂട്ടുന്ന അമ്മമാർക്കായി ഫീഡിങ് മുറിയുമൊക്കെയായി ഉദ്യാനം കൂടുതൽ സന്ദർശക സൗഹൃദമാണിപ്പോൾ. മാട്ടുപ്പെട്ടിയിലും ഇക്കോപോയന്റിലും കുണ്ടളയിലും ബോട്ടിങ്ങും വന്യമൃഗങ്ങൾ ഉൾപ്പെടെയുള്ള തീരക്കാഴ്ചകളും സഞ്ചാരികളുടെ മനം കവരും. വട്ടവടയിലും സഞ്ചാരികളുടെ തിരക്കാണ്. ശീതകാല പച്ചക്കറി കൃഷിയാണ് ഇവിടെ പ്രധാന ആകർഷണം. ഇപ്പോൾ ശരാശരി 10 ഡിഗ്രി വരെയാണ് മൂന്നാറിൽ പകൽ താപനില. ഡിസംബറോടെ ഇതു പൂജ്യം ഡിഗ്രി വരെ എത്താം.