തിരുവല്ല: സി പി എം പെരിങ്ങമല ലോക്കൽ സെക്രട്ടറി പി ബി സന്ദീപ് കുമാറിനെ വീടിനു സമീപം ഗുണ്ടാ സംഘം കൊലപ്പെടുത്തിയ കേസിൽ നാല് പ്രതികൾ പിടിയിലായി. ജിഷ്ണു, നന്ദു, പ്രമോദ്,ജിനാസ് എന്നവരാണ് പിടിയിലായത്. ആലപ്പുഴ കരുവാറ്റയിൽ നിന്നാണ് ഇവരെ പിടികൂടിയത്. ഈ നാല് പ്രതികളിൽ രണ്ടുപേർ സിപിഎംപ്രവർത്തകരാണ്.
ഇന്നലെ രാത്രി എട്ട് മണിയോടെ നെടുമ്പ്രം ചാത്തങ്കരിമുക്കിന് അര കിലോമീറ്റര്‍ മാറിയുള്ള കലുങ്കിനടുത്താണ് ആക്രമണമുണ്ടായത്. ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന സന്ദീപിനെ പിന്നാലെ മൂന്ന് ബൈക്കുകളിലെത്തിയ ആറംഗസംഘം തടഞ്ഞുനിര്‍ത്തി ആക്രമിക്കുകയായിരുന്നു. കഴുത്തിലും നെഞ്ചിലും കുത്തേറ്റ് പ്രാണരക്ഷാര്‍ഥം സമീപത്തെ വയലിലേക്ക് ചാടിയ സന്ദീപിനെ പിറകേയെത്തിയ അക്രമി സംഘം മാരകമായി വെട്ടിപരിക്കേല്‍പ്പിക്കുകയായിരുന്നുവെന്നാണ് വിവരം.
നിലവിൽ മൃതദേഹം തിരുവല്ല താലൂക്ക് ആശുപത്രിയിലായിരുന്നു. ഇവിടെ നിന്ന് തിരുവല്ലയിലെ ഒരു സ്വകാര്യ ആശുപത്രിയുടെ മോർച്ചറിയിലേക്ക് മൃതദേഹം മാറ്റിയിരിക്കുകയാണ്. പോസ്റ്റ്‍മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.

















