തിരുവനന്തപുരം: തിരുവനന്തപുരത്ത് 15 വയസ്സിന്റെ കുത്തിവെപ്പിന് പകരം രണ്ടു കുട്ടികൾക്ക് കോവിഡ് വാക്സിൻ കുത്തിവെച്ചു. ആര്യനാട് സാമൂഹിക ആരോഗ്യ കേന്ദ്രത്തിലാണ് സംഭവം. 15 വയസിൽ നൽകേണ്ട വാക്സിന് പകരം കോവിഡ് വാക്സിനായ കോവിഷീൽഡാണ് നൽകിയത്.
നിലവിൽ കുട്ടികളെ നിരീക്ഷണത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇവർക്ക് മറ്റു ആരോഗ്യപ്രശ്നങ്ങളൊന്നും ഇല്ലെന്നാണ് വിവരം.
ഇന്ന് ഉച്ചയോടെയാണ് സംഭവം ഉണ്ടായത്. ഒ പി ടിക്കറ്റിൽ പതിനഞ്ച് വയസിന്റെ പ്രതിരോധ കുത്തിവയ്പ്പെന്ന് കൃത്യമായി അടയാളപ്പെടുത്തിയിരുന്നു. എന്നാൽ എങ്ങനെയാണ് കൊവിഡ് വാക്സിൻ നൽകിയതെന്ന് ആശുപത്രി അധികൃതർ മറുപടി പറയണമെന്ന് മാതാപിതാക്കൾ പറഞ്ഞു.
വീഴ്ച സംബന്ധിച്ച് അന്വേഷണം നടത്തിവരികയാണെന്നും ആശുപത്രിക്ക് വീഴ്ച സംഭവിച്ചിട്ടുണ്ടെങ്കിൽ നടപടിയെടുക്കുമെന്നും ഡി എംഒ വ്യക്തമാക്കി.
കുട്ടികൾ വാക്സിനേഷൻ സ്ഥലം മാറിയെത്തി വാക്സിനെടുത്തെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം.

















