പത്തനംതിട്ട: തിരുവല്ലയിൽ സിപിഐഎം പ്രാദേശിക നേതാവിനെ കുത്തിക്കൊന്നു. പെരിങ്ങര ലോക്കൽ സെക്രട്ടറി പി ബി സന്ദീപ് കുമാറാണ് കൊല്ലപ്പെട്ടത്.
രാത്രി എട്ട് മണിയോടെയാണ് ആക്രമണമുണ്ടായത്. തിരുവല്ല താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. മുൻ പഞ്ചായത്ത് അംഗമായിരുന്നു സന്ദീപ് കുമാർ.
നെഞ്ചിൽ ആഴത്തിൽ കുത്തേറ്റിരുന്നതായി സിപിഐഎം നേതാക്കൾ വ്യക്തമാക്കി. ബൈക്കിലെത്തിയ മൂന്നംഗ സംഘമാണ് ആക്രമണം നടത്തിയത്. കൊലപാതകത്തിന് പിന്നിൽ ആർഎസ്എസ് ആണെന്ന് സിപിഎം പ്രാദേശിക നേതാക്കള്‍ ആരോപിച്ചു.
കഴിഞ്ഞ കുറച്ചു ദിവസമായി പെരിങ്ങര മേഖലയിൽ ആർഎസ്എസ് – സിപിഎം ചില സംഘർഷങ്ങൾ നിലനിന്നിരുന്നു എന്ന സൂചന ലഭിക്കുന്നുണ്ട്. മുൻകാലത്ത് കാര്യമായ രാഷ്ട്രീയ സംഘർഷങ്ങളൊന്നും ഇല്ലാതിരുന്ന സ്ഥലമായിരുന്നു ഇതെന്നാണ് പൊലീസ് പറയുന്നത്. കൊലപാതകവിവരം പുറത്തു വന്നതിന് പിന്നാലെ സ്ഥലത്തേക്ക് കൂടുതൽ പൊലീസ് എത്തിയിട്ടുണ്ട്.

















