ന്യൂഡൽഹി: സൈഡസ് കാഡിലയുടെ കോവിഡ് വാക്‌സിൻ സൈക്കോവ് ഡി തുടക്കത്തിൽ ഏഴ് സംസ്ഥാനങ്ങളിൽ ഉപയോഗിക്കും. ബിഹാർ, ജാർഖണ്ഡ്, മഹാരാഷ്‌ട്ര, പഞ്ചാബ്, തമിഴ്നാട്, ഉത്തർപ്രദേശ്, പശ്ചിമ ബംഗാൾ എന്നിവയാണ് ഏഴ് സംസ്ഥാനങ്ങൾ. ഈ സംസ്ഥാനങ്ങളിലെ ഒരു ഡോസ് പോലും ലഭിക്കാത്ത കൂടുതൽ ഗുണഭോക്താക്കളുള്ള ജില്ലകളെ തിരിച്ചറിയാൻ ശുപാർശ ചെയ്തിട്ടുണ്ട്.
സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും ആരോഗ്യ സെക്രട്ടറിമാരുമായും ദേശീയ ആഗോഗ്യ മിഷൻ (എൻഎച്ച്എം) ഡയറക്ടർമാരുമായും വ്യാഴാഴ്ച വീഡിയോ കോൺഫറൻസിലൂടെ ‘ഹർ ഘർ ദസ്തക്’ ക്യാമ്പയിന്റെ നിലയും പുരോഗതിയും അവലോകനം ചെയ്ത കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൺ ഏഴ് സംസ്ഥാനങ്ങൾക്ക് നിർദ്ദേശം നൽകി.
സൈക്കോവ് ഡി അവതരിപ്പിക്കുന്നതിനായി ഉയർന്ന അളവിലുള്ള ആദ്യ ഡോസ് അവശേഷിക്കുന്ന ജില്ലകളെ തിരിച്ചറിയണമെന്ന് ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. ഫാർമജെറ്റ് ഇൻജക്ടറിനെ അടിസ്ഥാനമാക്കി സെഷനുകൾ ആസൂത്രണം ചെയ്യാനും വാക്‌സിനേഷനായി ഇത് ഉപയോഗിക്കുന്നതിന് പരിശീലനം നൽകേണ്ട വാക്‌സിനേറ്റർമാരെ തിരിച്ചറിയാനും ഏഴ് സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്.
















