ബെംഗളുരു: കർണാടകയിലെ ബെംഗളുരുവിൽ ഒമിക്രോൺ വൈറസ് സ്ഥിരീകരിച്ചത് ഒരു ഡോക്ടർക്കെന്ന് റിപ്പോർട്ടുകൾ. 46-കാരനാണ് വൈറസ് സ്ഥിരീകരിച്ചിട്ടുള്ളത്. ഇദ്ദേഹം നിലവിൽ ബെംഗളുരുവിൽ ചികിത്സയിലാണ്.
ആദ്യം ഒമിക്രോൺ ബാധ സ്ഥിരീകരിച്ച ദക്ഷിണാഫ്രിക്കൻ സ്വദേശിയായ 66-കാരൻ കൊവിഡ് നെഗറ്റീവായി ദുബായിലേക്ക് പോയതായും കർണാടക സർക്കാർ വ്യക്തമാക്കി. ഇരുവരും തമ്മിൽ ബന്ധമൊന്നുമില്ലെന്നും, ആദ്യത്തെയാൾ മാത്രമാണ് ദക്ഷിണാഫ്രിക്കൻ സ്വദേശിയെന്നും കർണാടക സർക്കാർ അറിയിച്ചു.
നിലവിൽ ബംഗളൂരുവിലെ ഡോക്ടറുടെ സമ്പർക്കപ്പട്ടികയിലുള്ള അഞ്ചുപേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇദ്ദേഹത്തിന് 13 പ്രൈമറി കോണ്ടാക്ടുകളുള്ളതിൽ മൂന്നും രണ്ട് സെക്കന്‍ററി കോണ്ടാക്ടുകളും 25-ാം തീയതി തന്നെ കൊവിഡ് പോസിറ്റീവാണെന്ന് കണ്ടെത്തി. ഇവർക്ക് ഒമിക്രോൺ ബാധ തന്നെയാണോ എന്നറിയാൻ പരിശോധന നടത്തുകയാണ്. എല്ലാവരെയും ഐസൊലേറ്റ് ചെയ്തിട്ടുണ്ടെന്നും ബംഗളുരു നഗരപാലിക അതോറിറ്റി അറിയിച്ചു. പ്രൈമറി, സെക്കൻഡറി തലങ്ങളിൽ ഡോക്ടറുടെ സമ്പർക്കപ്പട്ടികയിലുള്ള 218 പേരെയാണ് ആകെ പരിശോധിച്ചത്.
ആദ്യമായി ഒമിക്രോൺ ബാധ സ്ഥിരീകരിച്ച 66കാരൻ ദക്ഷിണാഫ്രിക്കൻ പൗരനാണെന്ന് സിഎൻഎൻ-ന്യൂസ് 18ഉം ദ ഹിന്ദുവും റിപ്പോർട്ട് ചെയ്യുന്നു. ഇദ്ദേഹം രണ്ട് ഡോസ് വാക്‌സിനും സ്വീകരിച്ചിരുന്നു. കഴിഞ്ഞ മാസം 20നാണ് ഇദ്ദേഹം ദക്ഷിണാഫ്രിക്കയിൽനിന്ന് ഇന്ത്യയിലെത്തിയത്. ഈ സമയത്ത് കോവിഡ് നെഗറ്റീവായിരുന്നു. ഇദ്ദേഹം പരിശോധനയിൽ നെഗറ്റീവാണെന്ന് ബോധ്യപ്പെട്ട ശേഷമാണ് രാജ്യം വിടാൻ അനുവദിച്ചത്. ഇദ്ദേഹത്തിന് രോഗലക്ഷണങ്ങളുണ്ടായിരുന്നില്ല എന്നതും യാത്രാനുമതി നൽകുന്നതിൽ നിർണായകമായി. വൈറസ് ബാധ സ്ഥിരീകരിച്ച സമയത്ത് ഇദ്ദേഹത്തിന് കാര്യമായ ആരോഗ്യപ്രശ്നങ്ങളുണ്ടായിരുന്നില്ല എന്നാണ് ആരോഗ്യമന്ത്രാലയം വ്യക്തമാക്കുന്നത്. നവംബർ ഇരുപതിന് ദക്ഷിണാഫ്രിക്കയിൽ നിന്നും എത്തിയ ഇദ്ദേഹം ഏഴ് ദിവസം മാത്രമേ ഇവിടെ ഉണ്ടായിരുന്നുള്ളൂ.
24 പ്രൈമറി കോണ്ടാക്ടുകളാണ് 66-കാരന് ഉള്ളതായി കണ്ടെത്തിയിരിക്കുന്നത്. എല്ലാവരെയും കണ്ടെത്തി പരിശോധിച്ചു. നെഗറ്റീവാണെന്നാണ് ഫലം വന്നിരിക്കുന്നത്. 240 സെക്കന്‍ററി കോണ്ടാക്ടുകളാണ് ഇദ്ദേഹത്തിനുള്ളത്. ഇവരെല്ലാവരും നെഗറ്റീവാണ്. ഇദ്ദേഹത്തെ പരിശോധിക്കാൻ എത്തിയ ഡോക്ടറും സഹപ്രവർത്തകരും നിരീക്ഷണത്തിലാണ്.
ഇന്നു വൈകീട്ടാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം ജോയിന്റ് സെക്രട്ടറി ലാവ് അഗർവാൾ വാർത്താസമ്മേളനം വിളിച്ച് രാജ്യത്ത് ഒമിക്രോൺ വകഭേദം സ്ഥിരീകരിച്ച വിവരം പുറത്തുവിട്ടത്. കഴിഞ്ഞ മാസം ദക്ഷിണാഫ്രിക്കയിൽ കണ്ടെത്തിയ ഒമിക്രോൺ വകഭേദം ഇതുവരെ 23 രാജ്യങ്ങളിൽ റിപ്പോർട്ട് ചെയ്തതായാണ് നേരത്തെ ലോകാരോഗ്യ സംഘടനയും വ്യക്തമാക്കിയത്.
















