ന്യൂഡല്‍ഹി: കോവിഡ് വാക്‌സിന്റെ രണ്ട് ഡോസുകൾ തമ്മിലുള്ള ഇടവേള കുറക്കില്ലെന്ന് കേന്ദ്ര ആരോഗ്യവകുപ്പ്. കർണാടകയിൽ രണ്ടുപേർക്ക് ഒമിക്രോൺ വകഭേദം സ്ഥിരീകരിച്ച സാഹചര്യത്തിൽ വാക്‌സിൻ ഇടവേള കുറച്ചേക്കുമെന്ന റിപ്പോർട്ടുകൾക്കിടയിലാണ് ആരോഗ്യവകുപ്പ് നിലപാട് വ്യക്തമാക്കിയത്.
കോവിഡ് വാക്‌സിന്റെ രണ്ട് ഡോസുകളുടെ ഇടവേള കുറക്കാനുള്ള ഒരു തീരുമാനവും എടുത്തിട്ടില്ലെന്ന് നീതി ആയോഗ് ആരോഗ്യവിഭാഗം അംഗമായ വി.കെ പോൾ പറഞ്ഞു.
പുതിയ വകഭേദം സ്ഥിരീകരിച്ച സാഹചര്യത്തിൽ ആളുകൾ കൂടുതൽ ജാഗ്രത പുലർത്തണമെന്നും വാക്‌സിനേഷൻ സ്വീകരിക്കുന്നതിൽ കാലതാമസം വരുത്തരുതെന്നും ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് പറഞ്ഞു.
ദക്ഷിണാഫ്രിക്കയിൽ സന്ദർശനം നടത്തിയ രണ്ട് കർണാടക സ്വദേശികൾക്കാണ് ഒമിക്രോൺ വകഭേദം സ്ഥിരീകരിച്ചത്. ഇവരുമായി പ്രാഥമിക, ദ്വിതീയ സമ്പർക്കമുള്ളവരുടെ വിവരങ്ങൾ ശേഖരിച്ചുകൊണ്ടിരിക്കുകയാണെന്നും സമ്പർക്കമുള്ള 10 യാത്രക്കാരുടെ സാമ്പിളുകളുടെ ജീനോ നിരീക്ഷണത്തിനായി ശേഖരിച്ചിട്ടുണ്ടെന്നും മന്ത്രാലയം അറിയിച്ചു.
















