തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ്റെ നേതൃത്വത്തിൽ ഭരണകൂടം നിയമവാഴ്ചയെ അട്ടിമറിക്കുയാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ. പെരിയ ഇരട്ടക്കൊലപാതക കേസിലെ പ്രതികളെ രക്ഷിക്കാൻ സർക്കാർ ശ്രമിച്ചിട്ടും സിബിഐ അറസ്റ്റ് ചെയ്തു.
പാലക്കാട് സഞ്ജിത്തിന്റേത് പോപ്പുലർ ഫ്രണ്ട് ആസൂത്രണം ചെയ്ത് നടപ്പാക്കിയ കൊലപാതകമാണെന്നും കേസിലെ പ്രതികൾ ഇപ്പോഴും നിയമനടപടികൾക്ക് പുറത്താണെന്നും അദ്ദേഹം കുറ്റപ്പെട്ടുത്തി. മത ഭീകരവാദികൾക്ക് ശക്തിപകരാൻ സർക്കാരിൻ്റെ ഭാഗത്ത് നിന്ന് എല്ലാവിധ സഹായങ്ങളും ലഭിക്കുന്നു.
പോപ്പുലർ ഫ്രണ്ടിൻ്റെ അതിക്രമങ്ങൾ തടയാൻ പോലീസിന് സാധിക്കുന്നില്ല. പോലീസിന് കടന്നുചെല്ലാൻ കഴിയാത്ത 22 സ്ഥലങ്ങൾ കേരളത്തിലുണ്ട്. കരുനാഗപ്പള്ളിയിൽ പോപ്പുലർഫ്രണ്ട് ഓഫീസ് റെയ്ഡ് നാടകമായിരുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഹലാൽ എന്നത് ഒരു ഭക്ഷണ വിഷയമല്ല. ഇത് തീവ്രവാദ അജണ്ടയാണ്. പോപ്പുലർ ഫ്രണ്ട് ജനങ്ങളെ ഭിന്നിപ്പിക്കാൻ കൊണ്ടുവന്നതാണിത്. ഇതിനെ മുഖ്യമന്ത്രി വെള്ളപൂശുകയാണ്.
സംരക്ഷിത വനങ്ങളിലെ മരം വെട്ടിവിറ്റ കേസിൽ ചില ഉദ്യോഗസ്ഥരെ മാത്രം ബലിയാടാക്കി. ഇതുമായി നേരിട്ട് ബന്ധമുള്ള ഉന്നതരെ ഒഴിവാക്കി. മോൻസൺ കേസിലും പ്രതിയുമായി നേരിട്ട് ബന്ധമുള്ള ഉന്നത ഉദ്യോഗസ്ഥരെയും രാഷ്ട്രീയ നേതാക്കളെയും ഒഴിവാക്കി കേസ് ദുർബലമാക്കി. ജനാധിപത്യത്തിൻ്റെ ശ്രീകോവിലായ നിയമസഭയെ അവഹേളിച്ച അക്രമത്തിലും ഖജാനാവിൽ നിന്ന് പണമെടുത്ത് പ്രതികളെ രക്ഷിക്കാൻ ശ്രമിക്കുന്നു. സ്ത്രീ പീഡനങ്ങളിലുൾപ്പെടെ സിപിഐഎമ്മും അതുമായി ബന്ധമുള്ളവരും പ്രതികളായ കേസുകൾ അട്ടിമറിക്കപ്പെടുന്നു എന്നും സുരേന്ദ്രൻ ആരോപിച്ചു.