കോഴിക്കോട്: വഖഫ് ബോർഡ് നിയമന വിഷയത്തിൽ സമസ്തയെ പല ആളുകളും തെറ്റിദ്ധരിപ്പിച്ചെന്ന് മുൻ മന്ത്രി കെ ടി ജലീൽ. മുസ്ലിം ലീഗ് അനുകൂലികളായ സമസ്തയിലെ രണ്ടാം നിര നേതാക്കൾ മുതിർന്ന നേതാക്കളെ തെറ്റിദ്ധരിപ്പിച്ചിട്ടുണ്ട്. നിജസ്ഥിതി ബോധ്യപ്പെടുത്തുക എന്നതാണ് പ്രധാനം. അത് സർക്കാർ ചെയ്യുമെന്നും കെ ടി ജലീൽ പറഞ്ഞു.
മുസ്ലിം ലീഗ് ഉണ്ടാക്കിയ മുസ്ലീം കോർഡിനേഷൻ കമ്മിറ്റി പിരിച്ചു വിടണം. അത് തട്ടിക്കൂട്ട് കോർഡിനേഷനാണ്. ലീഗ് അനുകൂലികളായ സമസ്തയുടെ മൂന്നാം നിര നേതാക്കളെ കൊണ്ട് വന്ന് സമസ്തയുടെ അഭിപ്രായമാക്കാനുള്ള ലീഗ് ശ്രമമാണ് പൊളിഞ്ഞത് എന്നും കെ ടി ജലീൽ അഭിപ്രായപ്പെട്ടു. സർക്കാരിനെ സംബന്ധിച്ച് ഇതിൽ മുന്നോട്ട് പോക്ക് ഉണ്ടാവുക എന്നതാണ് പ്രധാനം.
വഖഫ് ബോർഡ് നിയമന പ്രശ്നത്തിൽ പള്ളികളിൽ പ്രതിഷേധിക്കാനുള്ള തീരുമാനം സമസ്ത തള്ളിയതോടെ നാളെ നടത്താനിരുന്ന പരിപാടികൾ മുസ്ലിം ലീഗ് മാറ്റുകയായിരുന്നു. മുഖ്യമന്ത്രിയുമായി സംസാരിച്ചെന്നും പരിഹരിച്ചില്ലെങ്കിൽ പ്രതിഷേധത്തിലേക്ക് നീങ്ങുമെന്നും സമസ്ത അധ്യക്ഷൻ ജിഫ്രി മുത്തുക്കോയ തങ്ങൾ വ്യക്തമാക്കിയതിന് പിന്നാലെ ലീഗധ്യക്ഷൻ്റെ ചുമതല വഹിക്കുന്ന പാണക്കാട് സാദിഖലി തങ്ങളാണ് പ്രതിഷേധം മാറ്റിയതായി അറിയിച്ചത്.