അബുദാബി : സുവര്‍ണജൂബിലി ആഘോഷങ്ങളുടെ ഭാഗമായി അബുദാബിയില്‍ അഞ്ചിടങ്ങളില്‍ കരിമരുന്ന് പ്രകടനങ്ങള്‍ നടക്കും.ഇതിനു പുറമേ സംഗീത നിശയും സ്കൈ ഡൈവും ഒരുക്കിയിട്ടുണ്ട്. ഇന്നു രാത്രിയാണ് ദേശീയദിനത്തോടനുബന്ധിച്ചുള്ള കരിമരുന്ന് പ്രകടനം അരങ്ങേറുന്നത്. അബുദാബി നഗരത്തിനു പുറമെ അല്‍ ഐന്‍, അല്‍ ദഫ്രയിലും കരിമരുന്ന് പ്രകടനങ്ങളുണ്ടാവും.
അല്‍ മര്യ ദ്വീപില്‍ വ്യാഴാഴ്ചയും വെള്ളിയാഴ്ചയും കരിമരുന്ന് പ്രകടനമുണ്ടാവും. രാത്രി ഒൻപത് മണിക്കാണ് കരിമരുന്ന് പ്രകടനം ആരംഭിക്കുക. ബവാബത്ത് അല്‍ ശര്‍ഖ് മാളില്‍ വ്യാഴാഴ്ച രാത്രി എട്ടിനാണ് കരിമരുന്ന് പ്രകടനം. അബുദാബി സ്പോര്‍ട്സ് ഏവിയേഷൻറെ നേതൃത്വത്തില്‍ വ്യോമാഭ്യാസവും സംഘടിപ്പിച്ചിട്ടുണ്ട്.
യു.എ.ഇ പതാകവഹിക്കുന്ന 16 സ്കൈ ഡൈവേഴ്സ് ചേര്‍ന്ന് ആകാശത്ത് 50 എന്ന അക്കം തീര്‍ക്കും ഇതിനു പുറമേ ജാസിറ ക്ലബ്ബുമായി സഹകരിച്ച് സ്വദേശി പൈലറ്റുമാര്‍ പറത്തുന്ന അൻപത് വിമാനങ്ങള്‍ മാനത്ത് വിസ്മയം തീര്‍ക്കും. ഇമാറാത്തി ഗായകന് ഹമദ് അല്‍ അമീരി ഇന്ന് അല്‍ ഹുസ്നിലും ഇമാറാത്തി ഗായകന് അഹ് ലം ലൗവര്‍ അബൂദബിയില്‍ വെള്ളിയാഴ്ചയും സംഗീതനിശ നടത്തും.
ബവാബത്ത് അല്‍ ശര്‍ഖ് മാളില്‍ കരിമരുന്ന് പ്രകടനത്തിനു പുറമെ ഫ്ലാഷ് മോബ് സംഘടിപ്പിക്കും. അബുദാബിയില്‍ കെട്ടിടങ്ങളും തെരുവുകളും പാലങ്ങളും ആഘോഷത്തിനായി ആയിരക്കണക്കിനു വൈദ്യുതി ചെരാതുകളാല് അലങ്കരിച്ചിരിക്കുകയാണ്. 200 മീറ്റര്‍ ഉയരമുള്ള അല്‍ഐന്‍ ടവറിലെ അലങ്കാരമാണ് അബുദാബിയിലെ പ്രധാന ആകര്‍ഷണം. ലൈറ്റ് ടവര്‍ ഗ്രൂപ് ആണ് ഇതടക്കമുള്ള അലങ്കാരങ്ങള്‍ക്കു പിന്നില്‍ പ്രവര്‍ത്തിച്ചിരിക്കുന്നത്. വിവിധ തരം അലങ്കാര ബള്‍ബുകളാണ് പലയിടങ്ങളിലായി വിന്യസിച്ചിരിക്കുന്നതെന്ന് ലൈറ്റ് ടവര്‍ ഗ്രൂപ് ഉടമ യൂസഫ് കരിക്കയില്‍ പറയുന്നു.