തൊടുപുഴ; എം.എം.മണിയെ രണ്ടാം പിണറായി മന്ത്രിസഭയിൽ ഉൾപ്പെടുത്താതിരുന്നതിന് സിപിഎം നെടുങ്കണ്ടം ഏരിയ സമ്മേളനത്തിൽ വിമർശനം. എം.എം.മണി ഇത്രയും വലിയ ഭൂരിപക്ഷത്തിൽ വിജയിച്ചത് ജില്ലാ കമ്മിറ്റിയുടെ പ്രവർത്തനം കൊണ്ടല്ല; പ്രവർത്തനമികവിലൂടെ ജനഹൃദയങ്ങളിൽ ആധിപത്യം ഉറപ്പിച്ചതുകൊണ്ടാണ്. ആ നിലയ്ക്ക് എം.എം.മണിയെ മന്ത്രിസ്ഥാനത്ത് പരിഗണിക്കണമായിരുന്നു.
പ്രായമാണ് പരിഗണിച്ചതെങ്കിൽ മുഖ്യമന്ത്രി മാറിനിന്നു മാതൃക കാണിക്കണമായിരുന്നു. മുഖ്യമന്ത്രി ഏകാധിപതിയാണെന്നും ചോദ്യം ചെയ്യാൻ സംസ്ഥാനത്ത് എംഎൽഎമാരും മന്ത്രിമാരുമില്ലെന്നും സമ്മേളനത്തിൽ ആരോപിച്ചു.സമ്മേളനത്തിൽ വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടിയും ആരോഗ്യമന്ത്രി വീണാ ജോർജും പരാജയമാണെന്ന വിമർശനവും ഉയർന്നു. പ്രായം പരിഗണിക്കുമ്പോൾ എല്ലാ മേഖലകളിലും പരിഗണിക്കണം. താഴെത്തട്ടു മുതൽ അതു വേണം. പലരും കടിച്ചുതൂങ്ങിക്കിടക്കുന്നതു കാരണം യുവാക്കൾക്ക് അവസരം ലഭിക്കുന്നില്ലെന്നും പ്രതിനിധികളിൽ ചിലർ കുറ്റപ്പെടുത്തി.