ന്യൂഡൽഹി: ഒമിക്രോൺ വൈറസ് വിവിധ രാജ്യങ്ങളിൽ സ്ഥിരീകരിച്ച സാഹചര്യത്തിൽ വിമാനത്താവളങ്ങളിലെ പരിശോധന കർക്കശമാക്കി ഇന്ത്യ. വിദേശ യാത്രക്കാരിൽ ഒമിക്രോൺ സാന്നിധ്യമില്ലെന്ന് ഉറപ്പുവരുത്താൻ ഡൽഹി, മുംബൈ, ചെന്നൈ തുടങ്ങി രാജ്യത്തെ വിമാനത്താവളങ്ങളിൽ പ്രത്യേകമായി ആർ.ടി പി.സി.ആർ പരിശോധന തുടങ്ങി. നെതർലൻഡ്സ്, യു.കെ എന്നിവിടങ്ങളിൽ നിന്ന് ബുധനാഴ്ച പുലർച്ചെ ഡൽഹി വിമാനത്താവളത്തിൽ വന്നിറങ്ങിയവരിൽ നാലു പേർക്ക് കോവിഡ് ബാധ സ്ഥിരീകരിച്ചു.
ടെസ്റ്റ് പോസിറ്റിവായതോടെ, ഐസൊലേഷന് പ്രത്യേക ക്രമീകരണമുള്ള എൽ.എൻ.ജെ.പി ആശുപത്രിയിൽ ഇവരെ പ്രവേശിപ്പിച്ചു. ജനിതക ശ്രേണീകരണത്തിന് സാമ്പ്ൾ ലബോറട്ടറിയിലേക്ക് അയച്ചു. ആംസ്റ്റർഡാമിൽ നിന്നും ലണ്ടനിൽ നിന്നുമുള്ള നാലു വിമാനങ്ങളിലായി 1013 യാത്രക്കാരാണ് രാത്രി 12നും രാവിലെ ആറിനുമിടയിൽ ഡൽഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇറങ്ങിയത്. കോവിഡ് പോസിറ്റിവായ നാലു പേരും ഇന്ത്യക്കാരാണ്.
പ്രത്യേക പരിശോധന നടത്തുന്നതിനാൽ എല്ലാ വിമാനത്താവളങ്ങളിലും വിദേശത്തു നിന്നെത്തുന്ന യാത്രക്കാർ പുറത്തിറങ്ങാനോ അടുത്ത വിമാനത്തിൽ കയറാനോ മണിക്കൂറുകൾ കാത്തുനിൽക്കേണ്ട സ്ഥിതിയാണ്. രണ്ടു വിധത്തിലുള്ള പരിശോധനകൾ അനുവദിച്ചിട്ടുണ്ട്. ആർ.ടി.പി.സി.ആർ പരിശോധന ഫലം കിട്ടാൻ ചുരുങ്ങിയത് ആറു മണിക്കൂർ കാത്തിരിക്കണം. ഒരാൾക്ക് 500 രൂപ; റാപിഡ് പി.സി.ആറിന് 3,900 രൂപ. ഇതിെൻറ ഫലം ഒരു മണിക്കൂർ കൊണ്ടു കിട്ടും. ചെലവ് യാത്രക്കാരൻ തന്നെ വഹിക്കണം.
ഡിസംബർ ഒന്നു മുതൽ പ്രാബല്യത്തിൽ വരുത്തിയ പുതിയ നിബന്ധനകൾ പ്രകാരം ‘അറ്റ് റിസ്ക്’ രാജ്യങ്ങളിൽ നിന്ന് എത്തുന്നവർ ആർ.ടി പി.സി.ആർ വിമാനത്താവളത്തിൽ നടത്തി, അതിെൻറ നെഗറ്റിവ് സർട്ടിഫിക്കറ്റ് കാണിച്ചാൽ മാത്രമാണ് പുറത്തേക്കു വിടുന്നത്. മറ്റേതെങ്കിലും സ്ഥലത്തേക്കുള്ള വിമാനത്തിൽ കയറാനും ഈ സർട്ടിഫിക്കറ്റ് വേണം.
















