കൊച്ചി: കൊച്ചിയിൽ മോഡലുകൾ വാഹനാപകടത്തിൽ മരിച്ചതുമായി ബന്ധപ്പെട്ട് അറസ്റ്റിലായ സൈജു തങ്കച്ചനെതിരെ ഒമ്പത് കേസുകൾ എടുക്കുമെന്ന് പൊലീസ്. ലഹരിമരുന്ന് ഉപയോഗിച്ചതിനാണ് കേസെടുക്കുക. വിവിധ പൊലീസ് സ്റ്റേഷനുകളിലായി കേസുകൾ രജിസ്റ്റർ ചെയ്യും. തൃക്കാക്കര, ഇൻഫോ പാർക്, മരട്, പനങ്ങാട്, ഫോർട്ടുകൊച്ചി, ഇടുക്കി വെള്ളത്തൂവൽ സ്റ്റേഷനുകളിലാകും കേസെടുക്കുക.
മോഡലുകളുടെ മരണവുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യലിലാണ് ലഹരി പാർട്ടികളെപ്പറ്റി പൊലിസിന് വിവരം ലഭിച്ചത്. സൈജുവിന്റെ ലഹരിപാര്‍ട്ടികളില്‍ പങ്കെടുത്തവര്‍ക്കെതിരെയും കർശന നടപടി ഉണ്ടാകും. സൈജുവിന്റെ മൊബൈല്‍ ഫോണിൽ നിന്ന് മയക്കുമരുന്ന് ഉപയോഗിക്കുന്ന നിരവധി വീഡിയോകൾ കണ്ടെടുത്തിരുന്നു. ഇവ ലഹരിപ്പാര്‍ട്ടികായിരുന്നെന്നാണ് സൈജു പൊലീസിന് മൊഴി നല്‍കിയത്. ഈ വീഡിയോകളിലുള്ളവരെ പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവര്‍ക്കെതിരെ കേസെടുക്കുന്ന കാര്യത്തിൽ നിയമോപദേശം തേടും.
മയക്കുമരുന്ന് വിൽപനക്കാരുമായി സൈജുവിന് അടുത്ത ബന്ധമുണ്ടെന്ന് തെളിയിക്കുന്ന ചാറ്റുകൾ പൊലീസ് കോടതിയിൽ ഹാജരാക്കിയിരുന്നു. മൂന്നാറിലും കൊച്ചിയിലും മാരാരിക്കുളത്തുമുളള പാർട്ടികളിൽ എം.ഡി.എം.എ നൽകിയെന്ന സൈജുവിന്റെ വാട്സാപ്പ് സന്ദേശങ്ങളുൾപ്പടെ പൊലിസ് കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്.
സൈജു ചാറ്റുചെയ്ത ആളുകളോട് അന്വേഷണ സംഘത്തിന്റെ മുന്നിൽ ഹാജരാകാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഫോണില്‍ നിന്ന് ലഭിച്ച ദൃശ്യങ്ങളിൽ മയക്കുമരുന്നു ഉപയോഗിക്കുന്നതായി കണ്ട മുഴുവന്‍ ആളുകളും പൊലീസ് നിരീക്ഷണത്തിലാണ്. സൈജുവിന്റെ വാട്സാപ്പ്, ഫെയ്സ്ബുക്ക്, ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകളുടെ സൈബര്‍ സെല്‍ പരിശോധനയും നടത്തും.
കാട്ടുപോത്തിനെ വേട്ടയാടിയതിനുമുളള തെളിവുകൾ സൈജുവിന്റെ ഫോണിൽ നിന്ന് ലഭിച്ചിട്ടുണ്ട്. നിരവധി ഇടങ്ങളിൽ ഡി.ജെ പാർട്ടികളിൽ പങ്കെടുത്തതിന്റെ വീഡിയോ ദൃശ്യങ്ങളും പൊലിസ് കണ്ടെത്തി.
നമ്പർ 18 ഹോട്ടലിലെത്തിയ മോഡലുകളോട് അവിടെ താമസിക്കാൻ സൈജു ആവശ്യപ്പെട്ടു. പിന്നീട് അവരെ ദുരുദ്ദേശത്തോടെ പിന്തുടർന്നതാണ് കാർ അമിത വേഗത്തിൽ പോകാനും അപകടമുണ്ടാകാനും കാരണമെന്നും പൊലിസ് കണ്ടെത്തിയിരുന്നു.