ഇടുക്കി: മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് വീണ്ടും 142 അടി ആയി ഉയർന്നു. ഇതോടെ ഒരു ഷട്ടർ 30 സെൻ്റിമീറ്റർ ഉയർത്തി. സെക്കൻഡിൽ 430 ഘന അടി വെള്ളമാണ് ഇപ്പോൾ പുറത്തേക്കൊഴുക്കുന്നത്. നീരൊഴുക്ക് ശക്തമല്ലെങ്കിലും തമിഴ്നാട് കൊണ്ടുപോകുന്ന വെള്ളത്തിൻ്റെ അളവ് കുറച്ചിരുന്നു. തുറന്നിരുന്ന എല്ലാ ഷട്ടറുകളും പകൽ 11 മണിയോടെ അടയ്ക്കുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് വീണ്ടും ജലനിരപ്പ് 142 അടിയിലെത്തിയത്.
മഴ കൂടാൻ സാധ്യത നിലനിൽക്കേ ഡാമിലെ ജലനിരപ്പ് താഴ്ത്താൻ ഇടപെടണമെന്ന് ആവശ്യപ്പെട്ട് മുല്ലപ്പെരിയാർ ഉന്നതാധികാര സമിതിക്ക് കേരളം കത്തയച്ചു. കൂടുതൽ വെള്ളം കൊണ്ടുപോകാൻ തമിഴ്‌നാടിന് നിർദേശം നൽകണമെന്നും ചീഫ് സെക്രട്ടറി ഇന്നലെ അയച്ച കത്തിൽ പറഞ്ഞു. ജലനിരപ്പ് 142 അടിയിൽ എത്തിയ സാഹചര്യത്തിലാണ് കത്ത് അയച്ചത്.
തമിഴ്നാട് കൊണ്ടുപോകുന്ന വെള്ളത്തിൻ്റെ അളവ് വർധിപ്പിച്ചിട്ടുണ്ട്. 1867 ഘന അടി വെള്ളമാണ് നിലവിൽ ടണൽ വഴി തമിഴ്നാട് കൊണ്ടുപോകുന്നത്. ഷട്ടർ തുറക്കുന്നതുമായി ബന്ധപ്പെട്ട് മുന്നറിയിപ്പ് നൽകണമെന്ന ആവശ്യം തമിഴ്നാട് ഇത്തവണയും പരിഗണിച്ചില്ല.
രാത്രിയിൽ ഡാം തുറക്കുന്നതിൽ കേരളം എതിർപ്പറിയിച്ചതിന് പിന്നാലെ മുല്ലപ്പെരിയാർ ഡാമിന്റെ രണ്ട് ഷട്ടറുകൾ കൂടി തുറക്കുകയായിരുന്നു. ജലനിരപ്പ് 142 അടിയായതിന് പിന്നാലെയാണ് ഷട്ടറുകൾ തുറന്നത്. രണ്ട് ഷട്ടറുകളാണ് രാത്രി ഒമ്പത് മണിക്ക് തുറന്നത്.
രാത്രിയിൽ ഷട്ടറുകൾ തുറക്കുന്നതിനെതിരെ കേന്ദ്ര ജലകമ്മീഷനെ സമീപിക്കുമെന്ന് ജലവിഭവമന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞിരുന്നു. രാത്രി ഷട്ടറുകൾ തുറക്കുന്നത് മൂലം മുന്നറിയിപ്പ് നൽകാൻ ബുദ്ധിമുട്ടായതിനാൽ വെള്ളം കയറിയതിന് ശേഷം മാത്രമാണ് ഡാം തുറന്ന കാര്യം ജനങ്ങൾ അറിയുക. ഇതിനെതിരെ വലിയ പ്രതിഷേധമുയർന്ന സാഹചര്യത്തിലാണ് കേന്ദ്ര ജലകമ്മീഷന് പരാതി നൽകുമെന്ന് മന്ത്രി പറഞ്ഞത്.