കാസർകോട്: പെരിയയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷ്, ശരത് ലാൽ എന്നിവരെ വെട്ടിക്കൊന്ന കേസുമായി ബന്ധപ്പെട്ട് അഞ്ച് സിപിഎം പ്രവർത്തകരെക്കൂടി സിബിഐ അറസ്റ്റ് ചെയ്തു. സിപിഎം ബ്രാഞ്ച് സെക്രട്ടറി അടക്കമുള്ളവരെയാണ് ഡിവൈഎസ്പി അനന്തകൃഷ്ണൻറെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തിരിക്കുന്നത്. സുരേന്ദ്രൻ – അഥവാ വിഷ്ണു സുര, ശാസ്താ മധു, റെജി വർഗീസ്, ഹരിപ്രസാദ്, രാജു എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇതിൽ രാജു എന്നയാൾ കാസർകോട് ഏച്ചിലടക്കം ബ്രാഞ്ച് സെക്രട്ടറിയാണ്.
സിബിഐ കേസേറ്റെടുത്ത് ആറ് മാസത്തിന് ശേഷമാണ് അറസ്റ്റുകളുണ്ടാകുന്നത്. നേരത്തേ കേസുമായി ബന്ധപ്പെട്ട് 14 പേരെ സിബിഐ അറസ്റ്റ് ചെയ്തിരുന്നു. ഇതിൽപ്പെടാത്ത 5 പേരെയാണ് സിബിഐ ഇപ്പോൾ അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇവരെ അഞ്ച് പേരെയും ഇന്ന് ഉച്ചയോടെ കാസർകോട് റസ്റ്റ് ഹൗസിലേക്ക് അന്വേഷണസംഘം വിളിച്ച് വരുത്തി ചോദ്യം ചെയ്തിരുന്നു. ഇതിന് ശേഷം വൈകിട്ട് മൂന്നരയോടെയാണ് ഔദ്യോഗികമായി അറസ്റ്റ് രേഖപ്പെടുത്തിയത്.
അറസ്റ്റിലായ എല്ലാവരും ഏച്ചിലടുക്കം ഭാഗത്ത് നിന്നുള്ളവർ തന്നെയാണ്. ഇരട്ടക്കൊലപാതകം നടന്ന കല്യോട്ടിന് സമീപമുള്ള സ്ഥലമാണ് ഏച്ചിലടുക്കം. അഞ്ച് സിപിഎം പ്രവർത്തകരെക്കൂടി അറസ്റ്റ് ചെയ്ത പശ്ചാത്തലത്തിൽ റസ്റ്റ് ഹൗസ് പരിസരത്ത് വലിയ പൊലീസ് സന്നാഹമാണ് ഏർപ്പെടുത്തിയിരിക്കുന്നത്.