തിരുവനന്തപുരം; കേരളത്തില്‍ നിന്ന് തമിഴ്നാട്ടിലേക്കുള്ള കെഎസ്ആര്‍ടിസി സര്‍വീസുകള്‍ പുനരാരംഭിച്ചു. സംസ്ഥാന അതിർത്തി കടന്നുകൊണ്ടുള്ള ബസ് സർവീസുകളാണ് ഇന്നുമുതൽ പുനരാരംഭിച്ചത്. ഇന്നലെ തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനാണ് നിർണ്ണായക പ്രഖ്യാപനം നടത്തിയത്.
തമിഴ്നാട്ടിലേക്കും തിരിച്ചുമുള്ള പൊതുഗതാഗതം പുനരാരംഭിക്കാന്‍ തമിഴ്നാട് അനുമതി നല്കി. ശബരിമല തീർഥാടനത്തോടനുബന്ധിച്ചും സാധാരണക്കാരുടെ യാത്രാ ബുദ്ധിമുട്ടുകൾ പരിഗണിച്ചും ബസ് സർവീസുകൾ പുനരാരംഭിക്കാനുള്ള സാഹചര്യം ഒരുക്കണമെന്ന കേരളത്തിന്റെ ആവശ്യം പരിഗണിച്ചാണ് തമിഴ്നാട് ബസ് സർവീസുകൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം പിൻവലിച്ചതെന്നാണ് അറിയിച്ചത്.കേരളത്തിലെ കോവിഡ് കേസുകള്‍ നിലവില്‍ കുറഞ്ഞുവരുന്ന സാഹചര്യത്തിലാണ് ഇളവ് അനുവദിച്ചിരിക്കുന്നത്.