തിരുവനന്തപുരം: സിപിഎമ്മും സിപിഐയും തമ്മിലടിച്ച് ലൈഫ് പദ്ധതിയെ വന്‍ പ്രതിസന്ധിയിലാക്കിയെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. ഇത് ഭവനരഹിതരോടു കാട്ടുന്ന കടുത്ത വഞ്ചനയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
വീടിന് അര്‍ഹരായവരുടെ കരട് പട്ടിക പ്രസിദ്ധീകരിക്കാന്‍ പഞ്ചായത്തുകള്‍ക്ക് അനുവദിച്ച സമയം കഴിഞ്ഞിട്ടും വകുപ്പുകള്‍ തമ്മിലുള്ള തര്‍ക്കം കാരണം 22 ശതമാനം അപേക്ഷകളില്‍ മാത്രമാണ് പരിശോധന പൂര്‍ത്തിയായതെന്നും സുധാകരൻ ചൂണ്ടികാട്ടി.
കൃഷി അസിസ്റ്റന്റുമാരെ പരിശോധനയ്ക്ക് നിയോഗിച്ചതിനെ ചൊല്ലി തദ്ദേശ-കൃഷി വകുപ്പുകള്‍ തമ്മിലുള്ള തര്‍ക്കമാണ് ലൈഫ് പദ്ധതിയെ നിലവിലെ പ്രതിസന്ധിയിലേക്കെത്തിച്ചത്.
പാലക്കാട് ജില്ലയില്‍ മാത്രം 1.36 ലക്ഷം അപേക്ഷകളില്‍ 1.22 ലക്ഷം അപേക്ഷകളും കെട്ടിക്കിടക്കുകയാണ്. ഇടുക്കിയില്‍ 38122 അപേക്ഷകളില്‍ വെറും 5712 എണ്ണം മാത്രമാണ് പരിശോധന പൂര്‍ത്തിയാക്കിയത്.
പദ്ധതിയെ പ്രതിരോധത്തിലാക്കാന്‍ സിപിഐഎമ്മിന്റെയും സിപിഐയുടെയും നേതൃത്വം വളംവെച്ചുകൊടുത്തു. ഇതുവരെ പദ്ധതിയില്‍ 2,06,064 പേരുടെ പരിശോധനകള്‍ മാത്രമാണ് പൂര്‍ത്തിയായത് എന്നും കെപിസിസി അധ്യക്ഷന്‍ ചൂണ്ടിക്കാട്ടി.
ലൈഫ് പദ്ധതിയുടെ രണ്ടാംഘട്ടത്തില്‍ 9 ലക്ഷം അപേക്ഷ സ്വീകരിച്ചെങ്കിലും ഒന്നര വര്‍ഷമായിട്ടും ഗുണഭോക്താക്കളുടെ അന്തിമപട്ടിക പ്രസിദ്ധീകരിച്ചില്ല. തുടര്‍ന്ന് പ്രതിപക്ഷം നിയമസഭയില്‍ വന്‍ പ്രതിഷേധം ഉയര്‍ത്തിയപ്പോഴാണ് സര്‍ക്കാര്‍ അനങ്ങിയത്. വിവിധ ഭവന നിര്‍മ്മാണ പദ്ധതികള്‍ സമന്വയിപ്പിച്ച് ലൈഫ് മിഷന് കീഴിലാക്കിയതോടെയാണ് സംസ്ഥാനത്ത് ഭവന നിര്‍മ്മാണ പദ്ധതി നിലച്ചതെന്നും സുധാകരൻ പറഞ്ഞു.