തൃശൂർ: ഇരിങ്ങാലക്കുടയില്‍ യുവാക്കളുടെ മരണത്തിനിടയാക്കിയത് ഫോര്‍മാലിന്‍ ഉള്ളില്‍ച്ചെന്നെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. ഫോര്‍മാലിന്‍ മനപൂര്‍വം നല്കിയതാണോയെന്ന് അന്വേഷിക്കുമെന്ന് പൊലീസ് അറിയിച്ചു.
പടിയൂർ എടതിരിഞ്ഞി ചെട്ടിയാൽ-കാട്ടൂർ തേക്കുംമൂല റോഡിൽ താമസിക്കുന്ന അണക്കത്തിപ്പറമ്പിൽ പരേതനായ ശങ്കരന്റെ മകൻ ബിജു (42), ഇരിങ്ങാലക്കുട ചന്തക്കുന്ന് കണ്ണമ്പിള്ളി വീട്ടിൽ ജോസിന്റെ മകൻ നിശാന്ത് (44) എന്നിവരാണ് ചാരായമാണെന്ന് കരുതി വിഷദ്രാവകം കഴിച്ച് മരിച്ചത്. ഫോര്‍മാലിന്‍ കഴിച്ചത് ആന്തരികാവയവങ്ങളെ ബാധിച്ചെന്ന് റിപ്പോർട്ടിൽ പറയുന്നു.
കഴിച്ച് ഒരു മണിക്കൂറിനുള്ളിൽ ഇരുവരുടെയും ബോധം നഷ്ടമായിരുന്നു. സംസാരിക്കാൻ പോലും കഴിയാത്ത അവസ്ഥയിലായിരുന്നു ഇരുവരും. അസ്വസ്ഥത തോന്നിയതിനെ തുടര്‍ന്ന് ഇരുവരും താലൂക്ക് ആശുപത്രിയിലേക്ക് പോയി. താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും നിശാന്ത് മരണമടഞ്ഞിരുന്നു.
ഗുരുതരാവസ്ഥയില്‍ ആയിരുന്ന ബിജുവിനെ മെഡിക്കല്‍ കോളേജിലേക്ക് കാെണ്ടു പോയെങ്കിലും മരിക്കുകയായിരുന്നു . നിശാന്തിന്റെ കോഴിക്കടയ്ക്ക് സമീപത്ത് നിന്ന് വെളുത്ത ദ്രാവകവും ഗ്ലാസ്സുകളും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. ഇത് വിശദമായ പരിശോധനക്ക് അയച്ചിട്ടുണ്ട്.
കോഴിക്കട ഉടമയായ നിശാന്തിന്റെ പക്കൽ ഫോർമാലിൻ എങ്ങനെ വന്നുവെന്ന് പൊലീസ് അന്വേഷണം തുടങ്ങി. വാങ്ങിവച്ച ചാരായം മറ്റാരെങ്കിലും എടുത്ത് കഴിച്ച ശേഷം പകരം ഫോർമാലിൻ ഒഴിച്ചുവച്ചതാണോയെന്ന് പൊലീസ് അന്വേഷിച്ചു വരികയാണ്.
ഇരിങ്ങാലക്കുട ബിവറേജിനു സമീപം തട്ടുകട നടത്തുന്നയാളാണ് ബിജു. അവിവാഹിതനാണ്. ബിജുവിന്റെ സംസ്കാരം നടത്തി. നിശാന്തിന്റെ സംസ്കാരം ബുധനാഴ്ച രാവിലെ നടക്കും.