തിരുവനന്തപുരം: തമിഴ്നാട്ടിലേക്കുള്ള കെഎസ്ആർടിസി സർവീസുകൾ നാളെ മുതൽ പുനരാരംഭിക്കും. കേരളത്തിലേക്കുള്ള ബസ് സർവീസ് പുനരാരംഭിക്കാൻ തമിഴ്നാട് സർക്കാർ അനുമതി നൽകി. കോവിഡ് സമയത്ത് നിർത്തിയ സർവീസുകളാണ് ഒരു വർഷവും എട്ട് മാസവും കഴിഞ്ഞ് പുനരാരംഭിക്കുന്നത്. കേരളത്തില്‍ കോവിഡ് വ്യാപനം കുറഞ്ഞ സാഹചര്യത്തിലാണ് തീരുമാനം.
തമിഴ്നാട് സർക്കാർ എല്ലാ മാസവും കോവിഡ് അവലോകനം നടത്താറുണ്ട്. ചൊവ്വാഴ്ച നടത്തിയ അവലോകന യോഗത്തിൽ ലോക്ഡൗൺ ഡിസംബർ 15 വരെ നീട്ടാനും കൂടുതൽ ഇളവുകൾ നൽകാനും തീരുമാനിച്ചു. ഇതിൽ ഏറ്റവും പ്രധാനപ്പെട്ട ഇളവാണ് കേരളത്തിലുള്ള പൊതുഗതാഗതം പുനഃസ്ഥാപിച്ചത്.
കേരളത്തിലേക്കുള്ള ബസ് സർവീസ് പുനരാരംഭിക്കാൻ തമിഴ്നാട് സർക്കാർ അനുമതി നൽകിയ സാഹചര്യത്തിൽ ബുധനാഴ്ച (ഡിസംബർ 1) മുതൽ തമിഴ്നാട്ടിലേക്ക് സർവീസ് ആരംഭിക്കുമെന്ന് ഗതാഗതമന്ത്രി ആന്റണി രാജു അറിയിച്ചു.
ശബരിമല തീര്‍ഥാടനത്തോടനുബന്ധിച്ചും സാധാരണക്കാരുടെ യാത്രാ ബുദ്ധിമുട്ടുകള്‍ പരിഗണിച്ചും ബസ് സര്‍വ്വീസുകള്‍ പുനരാരംഭിക്കാനുള്ള സാഹചര്യം ഒരുക്കണമെന്ന കേരളത്തിന്റെ ആവശ്യം പരിഗണിച്ചാണ് നിലവില്‍ തമിഴ്നാട് ബസ് സര്‍വീസുകള്‍ക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണം പിന്‍വലിച്ചത്. ഈ സാഹചര്യത്തിലാണ് കെ.എസ്.ആര്.ടി.സി. തമിഴ്നാട്ടിലേക്ക് സര്‍വീസുകള്‍ ആരംഭിക്കുന്നത്.