കൊച്ചി: പ്രായപൂർത്തിയാവാത്ത പതിനേഴ് വയസ്സുള്ള പെൺകുട്ടിയെ മേക്കപ്മാൻ ജോഷി പീഡിപ്പിച്ച കേസിൽ മോൻസൺ മാവുങ്കലിനെ രണ്ടാം പ്രതിയാക്കി ക്രൈംബ്രാഞ്ച്. 2019 കാലഘട്ടത്തിൽ എറണാകുളത്തുള്ള മോൻസന്റെ വീട്ടിൽ വച്ച് പെൺകുട്ടിയെ ജോഷി പീഡനത്തിനിരയാക്കി എന്നാണ് കേസ്.
പീഡനത്തിനിരയായ സമയത്ത് തന്നെ ഈ കാര്യം താൻ മോൻസനോട് പരാതിപ്പെട്ടിരുന്നു എന്ന കുട്ടിയുടെ മൊഴിയാണ് മോൻസന് കുരുക്കായത്. ഈ കേസിൽ പ്രതിയായ ജോഷി ഒരു തവണ കോടതിയിൽ ജാമ്യാപേക്ഷ നൽകിയെങ്കിലും കോടതി നിരസിക്കുകയാണുണ്ടായത്.
ഇതേ പെൺകുട്ടിയെ പീഡിപ്പിച്ചതിന് മറ്റൊരു കേസും മോൻസന് എതിരായി ക്രൈംബ്രാഞ്ച് രജിസ്റ്റർ ചെയ്തിരുന്നു. മോൻസനും ജോഷിയും ഉൾപ്പെട്ട കേസുകൾ അന്വേഷിക്കുന്നത് ക്രൈംബ്രാഞ്ച് പ്രത്യേക അന്വേഷണ സംഘമാണ്.