ബ്രിഡ്ജ്ടൗൺ: നൂറ്റാണ്ടുകൾ നീണ്ട ബ്രിട്ടീഷ് ഭരണത്തിൽനിന്ന് പൂർണ്ണ മോചനം നേടി ബാർബഡോസ്. ചൊവ്വാഴ്ച ചാൾസ് രാജകുമാരൻ പങ്കെടുത്ത വർണ ഗംഭീരമായ ചടങ്ങിലാണ് എലിസബത്ത് രാജ്ഞിയെ രാഷ്ട്രത്തലവന്റെ സ്ഥാനത്തുനിന്ന് നീക്കിയതായി പ്രഖ്യാപിച്ചത്. പിന്നീട് കരീബിയൻ ദ്വീപ് രാഷ്ട്രത്തെ ലോകത്തിലെ ഏറ്റവും പുതിയ പരമാധികാര റിപബ്ലിക് രാഷ്ട്രമായി പ്രഖ്യാപിക്കുകയും ചെയ്തു.
ഗവർണർ ജനറലായിരുന്ന സാൻഡ്ര മേസൺ ആദ്യ പ്രസിഡന്‍റായി സത്യപ്രതിജ്ഞ ചെയ്തു. 2018മുതൽ രാജ്യത്തിന്‍റെ ഗവർണർ ജനറലാണ് സാൻഡ്ര. ബ്രിട്ടണിൽനിന്ന് സ്വാതന്ത്ര്യം ലഭിച്ചതിന്‍റെ 55ാം വാർഷിക ദിനമായ നവംബർ 30നായിരുന്നു റിപബ്ലിക് പ്രഖ്യാപനവും രാഷ്ട്രപതിയുടെ സത്യപ്രതിജ്ഞയും. ഔദ്യോഗിക അധികാര കൈമാറ്റത്തെ സൂചിപ്പിക്കാൻ ബ്രിട്ടീഷ് രാജവാഴ്ചയുടെ റോയൽ സ്റ്റാൻഡേർഡ് പതാക താഴ്ത്തുകയും മാറ്റുകയും ചെയ്തു.
കഴിഞ്ഞവർഷം രാഷ്ട്രത്തലവന്റെ സ്ഥാനത്തുനിന്ന് ബ്രിട്ടീഷ് രാജ്ഞിയെ നീക്കം ചെയ്യുന്നതായി ബാർബഡോസ് സർക്കാർ പ്രഖ്യാപിച്ചിരുന്നു. പരമാധികാര റിപബ്ലിക് പ്രഖ്യാപനത്തെ ആഘോഷത്തോടെയാണ് ബാർബഡോസ് ജനത വരവേറ്റത്. രാജ്യത്ത് കോവിഡിനെ തുടർന്ന് പ്രഖ്യാപിച്ച കർഫ്യൂ ഒഴിവാക്കി ജനങ്ങൾക്ക് ആഘോഷിക്കാൻ സർക്കാർ അവസരമൊരുക്കിയിരുന്നു. ചാൾസ് രാജകുമാരന് പുറമെ ബാർബേഡിയൻ ഗായികയായ റിഹാനയും ചടങ്ങിൽ പങ്കെടുത്തു. പുതിയ തുടക്കമായാണ് ചടങ്ങിനെ ചാൾസ് രാജകുമാരൻ വിശേഷിപ്പിച്ചത്. എല്ലായ്‌പ്പോഴും താൻ ബാർബഡോസിന്‍റെ സുഹൃത്തായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.