കണ്ണൂർ: കെ സുധാകരൻ കെപിസിസി പ്രസിഡൻറ് ആയതിനുശേഷം ആദ്യം ലക്ഷ്യംവെച്ചത് തന്നെയാണെന്ന് മമ്പറം ദിവാകരൻ. ആശുപത്രി തെരഞ്ഞെടുപ്പിൽ മത്സരിക്കരുതെന്ന് പാർട്ടി ആവശ്യപ്പെട്ടിട്ടില്ല. ഇന്ദിര ഗാന്ധി ആശുപത്രി തെരഞ്ഞെടുപ്പിൽ പാർട്ടി ഇടപെടാറില്ല. ആശുപത്രി കെട്ടിപ്പടുത്തതിന് പിന്നിൽ എൻ്റെ കഠിനാധ്വാനമാണ്.
ആശുപത്രി പ്രസിഡൻറ് സ്ഥാനത്തുനിന്നും തന്നെ പുറത്താക്കാൻ കെ സുധാകരൻ ശ്രമിച്ചു. ആശുപത്രിയെ തകർക്കാൻ ശ്രമിച്ചവരാണ് ഇപ്പോൾ തനിക്കെതിരെ തിരിഞ്ഞത്. ആശുപത്രിയെ തകർക്കാൻ സമ്മതിക്കില്ല.1969 മുതൽ കോൺഗ്രസിന് വേണ്ടി പ്രവർത്തിക്കുന്ന ആളാണ് ഞാൻ. കണ്ണൂർ ഡിസിസി ഓഫിസിനായി 42 ലക്ഷം രൂപ നൽകിയിട്ടുണ്ട്.
ഡിസിസി ഓഫിസ് ഉദ്ഘാടനത്തിന് തന്നെ ക്ഷണിച്ചില്ല. കെ സുധാകരൻ കെപിസിസി പ്രസിഡൻറാകാൻ യോഗ്യനല്ല. സുധാകരൻ പ്രഡിഡൻറ് ആകാതിരിക്കാൻ ശ്രമിച്ചിട്ടുണ്ട്. താൻ വായ് തുറന്നാൽ കെ സുധാകരൻ താങ്ങില്ല. കെ കരുണാകരൻ ട്രസ്റ്റ് എന്ന പേരിൽ തട്ടിക്കൂട്ട് ട്രസ്റ്റ് ഉണ്ടാക്കി. കെ കരുണാകരൻ ട്രസ്റ്റിനെ സുധാകരൻ സ്വകാര്യ കമ്പനിയാക്കി.
അടുപ്പക്കാരെയും ബിസിനസുകാരെയും കമ്പനിയിൽ അംഗങ്ങളാക്കി. ഡിസിസി പ്രസിഡൻറ് മാർട്ടിൻ ജോർജ് ചള്ള് കുട്ടിയാണ്. സുധാകരനെതിരെ ഇതുവരെ ഒന്നും പറഞ്ഞിട്ടില്ല. തന്നെ അകാരണമായാണ് പുറത്താക്കുന്നത്. താൻ ഒരു പ്രവർത്തകൻ, അനുഭാവി മാത്രമാണ്.
തനിക്ക് മെംബർഷിപ്പില്ല. ഇങ്ങനെയുള്ള തന്നെ എങ്ങനെയാണ് പുറത്താക്കുക. ആര് പറഞ്ഞാലും ഞാൻ ഇന്ത്യൻ നാഷനൽ കോൺഗ്രസിൽനിന്ന് പുറത്തുപോകില്ല. ഞാൻ ഒരു ആൻറി കമ്യൂണിസ്റ്റും ആൻറി ബിജെപിയുമാണ്. ചെത്തുകാരൻ കുടുംബമാണ് എൻ്റെയും. അതിൽ അഭിമാനംകൊള്ളുന്നതായും മമ്പറം ദിവാകരൻ പറഞ്ഞു.