റോഹ്താങ് പാസിലൂടെ ഹിമാചലിലേക്ക് യാത്ര പോകാനൊരുങ്ങുകയാണ് നിങ്ങളെങ്കിൽ ആ യാത്രയിൽ ചില മാറ്റങ്ങൾ വരുത്തേണ്ടതായി വരും. 2022 ഏപ്രിൽ മാസം അവസാനം വരെ റോഹ്താങ് പാസ് അടയ്ക്കുകയാണ്. ഹിമാചൽ പ്രദേശ് സംസ്ഥാന സർക്കാർ പുറത്തിറക്കിയ ഓർഡറിൽ വിനോദസഞ്ചാരികൾക്കു മാത്രമല്ല നിത്യയാത്രികർക്കും അടുത്ത വർഷം ഏപ്രിൽ വരെ അതിലൂടെ യാത്ര ചെയ്യാനാകില്ല.
മോശം കാലാവസ്ഥയും തെന്നുന്ന പാതകളും മൂലം അപകടങ്ങൾ പതിവായതോടെയാണ് സർക്കാർ റോഹ്താങ് പാസ് അടക്കാനുള്ള തീരുമാനമെടുത്തത്. കഴിഞ്ഞ വർഷം ഒക്ടോബറിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി മുൻപ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയുടെ പേരിലുള്ള അടൽ തുരങ്കം ഉദ്ഘാടനം ചെയ്തത്.
13, 058 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന റോഹ്താങ് പാസിലാണ് ഈ തുരങ്കപാത സ്ഥിതി ചെയ്യുന്നത്. വടക്കുഭാഗത്തിനെ ബന്ധിപ്പിക്കുന്ന തുരങ്കത്തിൻ്റെ വരവോടെ ഒരു വിനോദസഞ്ചാര ഗ്രാമമായി ആ നാടിനെ മാറ്റാമെന്നു സർക്കാർ പദ്ധതിയിട്ടിരുന്നു. വിനോദസഞ്ചാരികളെ വളരെയേറെ ആകർഷിക്കുന്ന ഒന്നാണ് ഈ തുരങ്കപാത.
ശീതകാലത്തു ഈ പാതയുടെ മുഖച്ഛായ തന്നെ മാറും. ധാരാളം സഞ്ചാരികൾ ആ കാഴ്ച ആസ്വദിക്കാൻ മാത്രമായി ഇവിടെയെത്താറുണ്ട്. നവംബർ മുതൽ ഏപ്രിൽ വരെയുള്ള സമയത്ത് റോഹ്താങ് പാസിൽ കഠിനമായ മഞ്ഞുവീഴ്ച അനുഭവപ്പെടാറുണ്ട്. ഉദ്ഘാടനത്തിനു ശേഷം ധാരാളം സഞ്ചാരികൾ ഈ തുരങ്കപാത സന്ദർശിക്കാൻ വരികയും ഇതൊരു വിനോദസഞ്ചാര മേഖലയായി മാറുകയും ചെയ്തു.
3,000 മീറ്ററിനു മുകളിലായി സ്ഥിതി ചെയ്യുന്ന ലോകത്തിലെ ഏറ്റവും നീളം കൂടിയ പർവത തുരങ്കം നമ്മുടെ സ്വന്തം ഇന്ത്യയിൽ മണാലി-ലേ ഹൈവേയിൽ സ്ഥിതി ചെയ്യുന്ന അടൽ ടണൽ ആണ്. റോഹ്താങ് പാസിലെ തന്ത്രപ്രധാനമായ തുരങ്കം മണാലിയിൽ നിന്നും ലേയിലേക്കുള്ള ദൂരം വെറും 46 കിലോമീറ്ററാക്കി ചുരുക്കി. വെറും പത്തു വർഷം കൊണ്ടാണ് ലോകത്തിലെ ഏറ്റവും വലിയ തുരങ്കപാതയുടെ പണി പൂർത്തീകരിച്ചതു എന്നുകൂടി അറിയുമ്പോൾ വിസ്മയം ഇരട്ടിക്കുക തന്നെ ചെയ്യും.
4000 കോടി രൂപയാണ് മുതൽമുടക്ക്. 10.5 മീറ്റർ വീതിയുള്ള ഒറ്റ ട്യൂബിൽ, ഇരുഭാഗത്തും ഒരു മീറ്റർ ഫുട്പാത്തോട് കൂടിയുള്ളതാണ് അടൽ ടണൽ. ഒരു ദിവസം ഏകദേശം 3000 കാറുകളും 1500 ട്രക്കുകളും ഇതിലൂടെ കടന്നു പോകുമെന്നാണ് പ്രതീക്ഷിക്കുന്നത്. തുരങ്കത്തിനു അകത്തു കൂടിയുള്ള യാത്രയിലെ വേഗപരിധി മണിക്കൂറിൽ 80 കിലോമീറ്ററാണ്.
ശീതകാലം ആരംഭിക്കുന്നതോടെ ഹിമാചൽ പ്രദേശിലെ ചില അതിർത്തി ഗ്രാമങ്ങളുമായുള്ള ബന്ധം ആറുമാസകാലത്തേക്കു വിച്ഛേദിക്കപ്പെട്ടു പോകാറുണ്ട്. മണാലി, ലേ, ലഡാക്ക്, ജമ്മു- കാശ്മീർ തുടങ്ങിയ സ്ഥലങ്ങളെയെല്ലാം ബന്ധിപ്പിക്കുന്ന ഈ തുരങ്കപാത ആ സംസ്ഥാനത്തിലെ വിനോദസഞ്ചാരത്തെ വളർത്തുന്നതിലും വലിയ പങ്കുവഹിക്കുന്നുണ്ട്.