ന്യൂഡൽഹി : കോവിഡ് ബാധിച്ച് മരിച്ചവരുടെ ബന്ധുക്കൾക്ക് കേരളം ധനസഹായം നൽകിയിട്ടില്ലെന്ന് കേന്ദ്ര സർക്കാർ. കോവിഡ് ബാധിച്ച് മരിച്ചവരുടെ അടുത്ത കുടുംബാംഗങ്ങൾക്ക് നൽകേണ്ട 50,000 രൂപ കേരളം ഇതുവരെ വിതരണം ചെയ്തിട്ടില്ല.
മരിച്ചവരുടെ അടുത്ത കുടുംബാംഗങ്ങളെ സംബന്ധിച്ച് വ്യക്തത ഇല്ലാത്തതിനാലാണ് ധനസഹായം നൽകാത്തത് എന്നാണ് കേരളത്തിന്റെ ന്യായീകരണം. സുപ്രീം കോടതിയിൽ കേന്ദ്ര സർക്കാരാണ് ഇക്കാര്യം വ്യക്തമാക്കിയത്.
കേരളത്തിൽ സാമ്പത്തിക സഹായം ആവശ്യപ്പെട്ടുകൊണ്ട് സംസ്ഥാനത്ത് ഇതുവരെ 6116 ആളുകൾ അപേക്ഷ നൽകിയിട്ടുണ്ട്. എന്നാൽ കുടുംബാംഗങ്ങളെ സംബന്ധിച്ച് സർവ്വേ നടത്താനോ വ്യക്തത വരുത്താനോ കേരള സർക്കാരിന് സാധിച്ചിട്ടില്ല. നവംബർ 26 വരെ കേരളത്തിൽ 38,737 കൊറോണ മരണങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. എന്നാൽ ഇതിൽ സാമ്പത്തിക സഹായം ആവശ്യപ്പെട്ടിരിക്കുന്നത് 6116 ആളുകൾ മാത്രമാണ്.
വൈകാതെ സാമ്പത്തിക സഹായം വിതരണം ചെയ്തുതുടങ്ങുമെന്നും കേരളം അറിയിച്ചതായി കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ ഫയല്‍ചെയ്ത സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഐസിഎംആര്‍ മാര്‍ഗരേഖ പ്രകാരം കോവിഡ് ബാധിച്ച് മരിച്ചവരുടെ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിനുള്ള നടപടി ആരംഭിച്ചതായും സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തെ അറിയിച്ചിട്ടുണ്ട്.
അതേസമയം, ഏറ്റവും കൂടുതൽ സാമ്പത്തിക സഹായം വിതരണം ചെയ്തത് ഡൽഹി സർക്കാരാണ്. സർക്കാരിന് ലഭിച്ച 25358 അപേക്ഷകളിൽ 19926 പേർക്കായി 99.63 കോടി രൂപയാണ് ഇതുവരെ ഡൽഹി സർക്കാർ വിതരണം ചെയ്തത്.
കോവിഡ് ബാധിച്ച് മരിച്ചവരുടെ ബന്ധുക്കള്‍ക്ക് അരലക്ഷം രൂപ സാമ്പത്തിക സഹായം നല്‍കാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനം സുപ്രീം കോടതി ശരിവെച്ചിരുന്നു. അപേക്ഷ ലഭിച്ച് ഒരു മാസത്തിനുള്ളില്‍ സാമ്പത്തിക സഹായം വിതരണം ചെയ്യുന്നതിനുള്ള തീരുമാനമെടുക്കണം എന്നായിരുന്നു നിർദേശം. വേണ്ടത്ര പ്രചാരം ലഭിക്കാത്തതിനാലാണ് സാമ്പത്തിക സഹായത്തിനായി കൂടുതല്‍ പേര്‍ സര്‍ക്കാരിനെ സമീപിക്കാത്തതെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു.